- ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘റീതിങ്ക് ടൂറിസം’ മാതൃക
കേരളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് പുതുവഴികൾ വെട്ടി മുന്നേറിയവരാണ് ഡോ: ആസാദ് മൂപ്പന്റെ ആസ്റ്റർ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആകട്ടെ തികവുറ്റ ഡോക്ടർമാരുടെയും അതി നൂതന ചികിത്സാ സംവിധാനങ്ങളുടെയും ആരോഗ്യ രംഗത്തെ ലോകോത്തര നേട്ടങ്ങളുടെയും പേരിൽ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ കേന്ദ്രവും.
കിടയറ്റ ചികിത്സാ സംവിധാനങ്ങളിൽ തുടങ്ങി പുതുമയാർന്ന ബ്രാൻഡിങ്ങിൽ വരെ ഇന്നവേഷന് പേരുകേട്ട ആസ്റ്റർ മോഡൽ ഇത്തവണ ശ്രദ്ധേയമാവുന്നത്, ഒരു പക്ഷേ ആഗോള പെരുമയുള്ള കേരള ടൂറിസത്തിന്റെ ചരിത്രം തിരുത്താൻ കഴിയുന്ന പുതിയൊരു മാതൃക മുന്നോട്ട് വച്ചു കൊണ്ടാണ്.
ലോകത്താദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രോഗികൾക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. ടൂറിസം ദിനത്തിൽ അസർബൈജാൻ അംബാസഡർ ഡോ അഷ്റഫ് ശിഖാലിയേവ് ഹൗസ്ബോട്ട് ഉദ്ഘാടനം ചെയ്തതോടെ പുതിയ ഉദ്യമത്തിന് തുടക്കമായി.
മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് കേരളം. ‘റീതിങ്ക് ടൂറിസം’ എന്ന ആശയത്തെ ഉൾക്കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് പെരിയാർ നദിയിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയാണ് ആസ്റ്റർ മെഡ്സിറ്റി ഒരുക്കുന്നത്.
മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവർക്ക് ഒരു പുതിയ അനുഭവം നൽകുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.
ചെക്കപ്പുകൾക്കായി രാവിലെ എത്തുന്നവർക്ക് ഹൗസ് ബോട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം; എല്ലാ ചെക്കപ്പുകൾക്കും ശേഷം തിരിച്ചെത്തുമ്പോൾ ഹൗസ് ബോട്ടിൽ സായാഹ്ന യാത്രയും ഉണ്ടാകും. ഇത്തരം നൂതന ആശയങ്ങൾ കേരളത്തിലെ മെഡിക്കൽ ടൂറിസം മേഖലയ്ക്കും ടൂറിസം മേഖലക്കാകെയും പുതിയ ഉണർവേകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ.
വിദേശ രാജ്യങ്ങളിലേതിനു സമാനമായ നിലവാരമുള്ള ചികിത്സ കേരളത്തിലെ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ലാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ തുടക്കം. ആരോഗ്യപരിപാലന മേഖലയിൽ സ്വദേശികൾക്കും എൻആർഐകൾക്കും പുറമെ കേരളത്തിൽ എത്തിച്ചേരുന്ന മെഡിക്കൽ ടൂറിസ്റ്റുകളുടെയും പ്രധാന ഡെസ്റ്റിനേഷനാണ് ആസ്റ്റർ മെഡ്‌സിറ്റി.
പ്രമുഖ ഹോസ്പിറ്റൽ സർവേകളിൽ രാജ്യത്ത് പതിനഞ്ചാം സ്ഥാനവും, സൗത്ത് ഇന്ത്യയിൽ അഞ്ചാം സ്ഥാനവും, കൊച്ചിയിൽ ഒന്നാം സ്ഥാനവും ആശുപത്രി നേടിയിട്ടുണ്ട്. റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക നൂതന ചികിത്സാ രംഗത്തും മുൻപന്തിയിലാണ്.
വിദേശത്തു നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തുന്നവർക്ക് നാടിനെ കൂടുതൽ അടുത്തറിയാൻ മെഡിക്കൽ ടൂറിസം രംഗത്തെ ഈ പുതിയ ചുവടുവെയ്പ് സഹായകരമാകുമെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പ്രത്യാശിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശക്തമായ മുന്നേറ്റം ലക്ഷ്യമിടുന്ന മേഖലകളാണ് മെഡിക്കൽ ടൂറിസവും ആയുർവേദ–സുഖചികിത്സയും മറ്റും. ആഗോളതലത്തിൽ 60–80 ബില്യൻ ഡോളറിന്റെ മെഡിക്കൽ ടൂറിസം വിപണി നിലനിൽക്കുമ്പോൾ ഇന്ത്യയിൽ ഇത് 5–6 ബില്യൻ ഡോളറിന്റേത് മാത്രമാണ്. ഇതിൽ തന്നെ കേവലം 4–5 ശതമാനം മാത്രമാണ് കേരളത്തിന് കിട്ടുന്നത്. എന്നാൽ ഈ മേഖലയിൽ കേരളത്തിന്റെ സാദ്ധ്യതകൾ ഏറെ വലുതാണ്.
മികച്ച ആശുപത്രികൾ, വിദഗ്ധരായ ഡോക്ടർമാർ, താരതമ്യേന കുറഞ്ഞ കുറഞ്ഞ നിരക്ക് എന്നിവയ്ക്ക് പുറമെ ചികിത്സക്കായി കാത്തിരിക്കേണ്ടതില്ലെന്നതും കേരളത്തിന്റെ വലിയ നേട്ടമാണ്. എന്നാൽ രാജ്യത്തെത്തുന്ന രോഗികളിൽ ഭൂരിഭാഗവും പോകുന്നത് ഡൽഹി, മുംബൈ, ചെന്നൈ പോലുള്ള മെട്രോപ്പെലീറ്റൻ നഗരങ്ങളിലേക്കാണ്. അതേസമയം ഈ രംഗത്ത് കേരളത്തിന് വലിയ ഭാവിയുണ്ടെന്നതും സർക്കാർ ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണെന്നതുമാണ് വസ്തുത.
മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന്റെ കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ആരോഗ്യപരിപാലന കേന്ദ്രം തന്നെയാണ് ആസ്റ്റർ മെഡ്‌സിറ്റി. അതിന് അനുയോജ്യമായ പുനർവിചിന്തന ടൂറിസം മാതൃകയാണ് ആസ്റ്റർ ഈ സംരംഭത്തിലൂടെ ഒരുക്കിയിരിക്കുന്നതും. കോവിഡ് കാലത്തെ കിതപ്പിന് ശേഷം കുതിപ്പിനൊരുങ്ങുന്ന കേരള ടൂറിസത്തിന് പുതിയൊരു ദിശാബോധം നൽകാനും ഇത് വഴിയൊരുക്കുമെന്ന് കരുതാം.