
കൊച്ചി: കുഞ്ഞുങ്ങളിലെ അപസ്മാരം ചികിത്സിക്കുന്നതിന് പ്രത്യേക കേന്ദ്രവുമായി ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പീഡിയാട്രിക് എപിലെപ്സി സെൻ്റർ.
ആധുനിക ചികിത്സാ സങ്കേതങ്ങൾ, രോഗ നിർണയ സംവിധാനങ്ങൾ, ശസ്ത്രക്രിയക്കുള്ള സൗകര്യം, സമഗ്ര പിന്തുണ എന്നിവ കേന്ദ്രം ലഭ്യമാക്കും.
ആധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാണെങ്കിലും അപസ്മാര ബാധിതരായ കുട്ടികൾ ദൈനംദിന ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നു. അതിന് സമഗ്ര പ്രതിവിധിയാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്.
രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മികച്ച നിലവാരമുള്ള ജീവിതം തുടരാൻ ഇത് സഹായിക്കും.
അന്താരാഷ്ട്ര എപിലപ്സി ദിനത്തോടനുബന്ധിച്ചാണ് സെൻററിന് തുടക്കം കുറിച്ചത്.
ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ സെൻറർ ഉദ്ഘാടനം ചെയ്തു. തികച്ചും മാതൃകാപരമായ ഒരു മുൻകൈ ആണിതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ചികിത്സാ ശാഖകൾ ഏകോപിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കേരള, തമിഴ്നാട് ഡയറക്ടർ ഫർഹാൻ യാസിൻ കേന്ദ്രത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പറഞ്ഞു.
ശ്രദ്ധാപൂർവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഈ രോഗാവസ്ഥയെന്നും, സാങ്കേതിക വിദ്യകൾ വളരെ ഫലപ്രദമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ന്യൂറോ സർജറി സീനിയർ കൺസൾട്ടൻറ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു. സർജറി കൂടുതൽ ഫലം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞുങ്ങളുടെയും, അവരുടെ കുടുംബങ്ങളുടെയും വൈകാരികമായ തലം കൂടി പരിഗണിച്ചുകൊണ്ടാണ് ആസ്റ്റർ ഈ സൗകര്യം ഒരുക്കുന്നതെന്ന് ന്യൂറോളജി കൺസൾട്ടൻ്റ് സന്ദീപ് പത്മനാഭൻ പറഞ്ഞു.
കൃത്യമായ സമയത്ത്, കൃത്യമായ ചികിത്സ ലഭ്യമാക്കുകയാണ് എപിലപ് സി മാനേജ്മെൻറിൽ ഏറ്റവും നിർണായകമെന്ന് പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടൻ്റ് ഡോ. ഡേവിഡ്സൺ ദേവസ്യ ചുണ്ടിക്കാട്ടി.