ന്യൂഡല്‍ഹി: മികച്ച ലാഭവിഹിത വിതരണ ചരിത്രമുള്ള ഓഹരിയാണ് ഭാരത് ഇലക്ട്രോണിക്‌സി (ബിഇഎല്‍) ന്റേത്. 4.27 ശതമാനമാണ് യീല്‍ഡ്. 450 ശതമാനം അഥവാ ഓഹരിയൊന്നിന് 4.5 രൂപ ലാഭവിഹിതം അവര്‍ നല്‍കി.
രണ്ട് വര്‍ഷത്തില്‍ മൂന്നര മടങ്ങ് ഉയര്‍ന്ന് മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാനുമായി.
അനുമാനങ്ങള്‍ക്ക് അനുസൃതമായുള്ള രണ്ടാം പാദഫലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ് ഓഹരി. നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയതാണ് കാരണം.
2.5 ശതമാനത്തോളം ഇടിവ് നേരിട്ട് 105.30 രൂപയിലാണ് സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. എന്നാല്‍ തുടര്‍ന്നും ഓഹരി മുന്നേറുമെന്ന് പ്രവചിക്കുകയാണ് പ്രഭുദാസ് ലിലാദര്‍. 125 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കാനും അവര്‍ തയ്യാറായിട്ടുണ്ട്.
അതേസമയം കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ ആദിത്യ മോംഗിയയും ടീന വീരമണിയും റെഡ്യൂസ് റേറ്റിംഗാണ് നല്‍കുന്നത്. 611.05 കോടി രൂപാണ് സെപ്തംബര്‍ പാദത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് രേഖപ്പെടുത്തിയ അറ്റാദായം.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 0.25 ശതമാനം കുറവ്. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളാണ് ലാഭം താഴ്ത്തിയതെന്ന് അനലിസ്റ്റുകള്‍ വിശദീകരിക്കുന്നു. വരുമാനം 7.8 ശതമാനം വര്‍ധിപ്പിച്ച് 3,946 കോടി രൂപയാക്കാന്‍ സാധിച്ചിട്ടുണ്ട്.
2022 ഒക്ടോബര്‍ 1 വരെ കമ്പനിയ്ക്ക് 52,795 കോടിയുടെ ഓര്‍ഡറാണ് ലഭ്യമായിരിക്കുന്നത്.പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്‌സ്. റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ബിഇഎല്‍ ഒരു നവരത്ന കമ്പനിയാണ്.