കൊച്ചി: ബുധനാഴ്ച 10 ശതമാനത്തിലേറെ ഉയര്‍ച്ച നേടിയ ഓഹരിയാണ് ടാറ്റ കെമിക്കല്‍സിന്റേത്. മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് ഓഹരിയെ ഉയര്‍ത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി 637 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
തൊട്ടുമുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 86 ശതമാനം കൂടുതലാണ് ഇത്. പ്രവര്‍ത്തന വരുമാനം 34 ശതമാനം വര്‍ധിപ്പിച്ച് 3995 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. സാള്‍ട്ട് വര്‍ക്ക്‌സ് ഉത്പാദനത്തില്‍ ഏഷ്യയിലെ ഒന്നാമനും സോഡ ആഷിലെ ലോകത്തെ മൂന്നാമനും സോഡിയം ബൈ കാര്‍ബണേറ്റ് നിര്‍മ്മാതാക്കളില്‍ ലോകത്തെ ആറാമനുമാണ് ടാറ്റ കെമിക്കല്‍സ്.ബേസിക് രസതന്ത്രം, സ്‌പേഷ്യാലിറ്റി രസതന്ത്രം എന്നിങ്ങനെ രണ്ട് ഡിവിഷനുകളിലായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ ഗ്ലാസ്, ഡിറ്റര്‍ജന്റ്,മരുന്ന്, ബിസ്‌കറ്റ് നിര്‍മ്മാതാക്കള്‍, ബേക്കറീസ് എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത രാസപദാര്‍ത്ഥങ്ങള്‍ ബേസിക് കെമിസ്ട്രി വിതരണം നടത്തുമ്പോള്‍ പെര്‍ഫോര്‍മന്‍സ് മെറ്റീരിയല്‍, ന്യൂട്രീഷന്‍ സയന്‍സസ്, അഗ്രിസയന്‍സസ് എന്നിവയ്ക്കാവശ്യമായ കെമിക്കലുകള്‍ സ്‌പെഷ്യാലിറ്റി ഡിവിഷനും നല്‍കുന്നു. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 30% കുറയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. 13 ശതമാനം ഉയര്‍ച്ച നേടിയ ഓഹരി 1081.25 രൂപയിലാണ് ട്രേഡിംഗിലുള്ളത്.