
മുംബൈ: രണ്ടര മാസത്തെ ഇടവേളക്കു ശേഷം വീണ്ടും ഒരു മെയിന്‍ബോര്‍ഡ് ഐപിഒ വിപണിയിലെത്തുന്നു. ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ ഐപിഒ ഏപ്രില്‍ 28ന് തുടങ്ങും.
ഏപ്രില്‍ 30 വരെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 304-321 രൂപയാണ് ഇഷ്യു വില. 3000 കോടി രൂപയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്-അപ് കമ്പനിയായ ഏഥര്‍ എനര്‍ജി ഐപിഒ വഴി സമാഹരിക്കുന്നത്.
ഹീറോ മോട്ടോ കോര്‍പ്പിന് നിക്ഷേപമുള്ള കമ്പനിയുടെ വിപണിമൂല്യം ഐപിഒയ്‌ക്കു മുമ്പ് 9900 കോടി രൂപയും ഐപിഒയ്‌ക്കു ശേഷം 12,500 കോടി രൂപയും ആയിരിക്കുമെന്നാണ് കരുതുന്നത്. 2626 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും ഏകദേശം 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരിക്കും ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കും. ഫെബ്രുവരി 18നു ക്വാളിറ്റി പവര്‍ എക്വിപ്‌മെന്റ്‌സ് നടത്തിയ ഐപിഒയ്‌ക്കു ശേഷം വിപണിയിലെത്തുന്ന ആദ്യത്തെ മെയിന്‍ ബോര്‍ഡ് പബ്ലിക് ഇഷ്യു ആയിരിക്കും ഇത്.
ഏഥര്‍ എനര്‍ജി ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന ചെലവ്, ഗവേഷണവും വികസനവും, വിപണനം, വായ്‌പാ തിരിച്ചടവ് തുടങ്ങിയവയ്‌ക്കായി വിനിയോഗിക്കും.
ഉല്‍പ്പാദന ശേഷി കൂട്ടാനും കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്‌ട്രയില്‍ പുതിയ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനായി 2000 കോടി രൂപ ചെലവിടും. പത്ത് ലക്ഷം വാഹനങ്ങളും ബാറ്ററികളും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റാണ് സ്ഥാപിക്കുന്നത്.
നിലവില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 11 ശതമാനം വിപണി പങ്കാളിത്തമാണ് ഏഥറിനുള്ളത്.
ഓല ഇലക്‌ട്രിക്കലിനു ശേഷം ഐപിഒ നടത്തുന്ന രണ്ടാമത്തെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനിയാണ് ഏഥര്‍ എനര്‍ജി. 76 രൂപ ഐപിഒ വിലയുണ്ടായിരുന്ന ഓല ഇലക്ട്രിക് നിലവില്‍ 53 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.
ലിസ്റ്റിംഗിനു ശേഷം 157.4 രൂപ വരെ ഉയര്‍ന്ന ഓല ഇലക്‌ട്രിക് ഈ മാസം ആദ്യവാരം 45.35 രൂപ വരെ ഇടിഞ്ഞിരുന്നു.