ഡൽഹി: 3,000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകിയതായി സ്വകാര്യ മേഖലയിലെ ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക് അറിയിച്ചു. ജയ്പൂർ ആസ്ഥാനമായുള്ള ബാങ്ക് സ്വകാര്യ പ്ലെയ്‌സ്‌മെന്റ്/ യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) അല്ലെങ്കിൽ മുൻഗണനാ അലോട്ട്‌മെന്റ് എന്നിവയിലൂടെ മൂലധന സമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇതിന് പുറമെ ബോണ്ടുകളും നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളും ഉൾപ്പെടെയുള്ള ഡെറ്റ് ഇൻസ്ട്രുമെന്റുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഒന്നോ അതിലധികമോ തവണകളായി 6,000 കോടി രൂപയിൽ കൂടാത്ത തുകയ്ക്ക് വായ്പയെടുക്കുന്നതിനോ ഫണ്ട് സ്വരൂപിക്കുന്നതിനോ ബോർഡ് അംഗീകാരം നൽകി.
ജൂലൈ 20 ന് നടന്ന യോഗത്തിൽ ബോർഡ് നിർദ്ദേശം അംഗീകരിച്ചതായി എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ബാങ്കിന്റെ ആദ്യ പാദത്തിലെ അറ്റാദായം 32 ശതമാനം വർധിച്ച് 268 കോടി രൂപയായിരുന്നു. എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ ബിഎസ്ഇയിൽ 3.78 ശതമാനം ഉയർന്ന് 596.00 രൂപയിലെത്തി.