
കാനഡക്ക് പിന്നാലെ, രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ മേഖലയിൽ കർശന ഇടപെടലുകളുമായി ഓസ്‌ട്രേലിയയും. ഉപരിപഠനത്തിന് രാജ്യത്തെത്തുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഫുൾടൈം ജോലി വാഗ്ദാനം ചെയ്ത് ക്യാംപെയിൻ നടത്താൻ ഫോറിൻ എജ്യുക്കേഷൻ ഏജന്റുമാർക്ക് ബോണസ് നൽകുന്നതായി പാർലമെന്ററി അന്വേഷണത്തിൽ വ്യക്തമായതായി ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ എജ്യുക്കേഷൻ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ ഹണിവുഡ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരമൊരു പ്രവണത തുടരുകയാണെന്നും ഇത്തരം അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാൻ ഒരു റെഗുലേറ്ററി ഓർഗനൈസേഷൻ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ പരിധി മുൻ ഫെഡറൽ ഗവൺമെന്റ് എടുത്തുകളഞ്ഞതാണ് ഈ രീതി കൂടുതൽ വഷളാക്കിയതെന്ന് അധികൃതർ പറയുന്നു. ദക്ഷിണേഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകൾ നിയന്ത്രണാതീതമായി വർധിക്കാൻ ഇത് കാരണമായി.
ന്യൂസിലൻഡ്, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ രണ്ടാഴ്ചയിൽ 40 മണിക്കൂർ ജോലി എന്നതായിരുന്നു നേരത്തെ പരിധി. എന്നാൽ 2022 ന്റെ തുടക്കത്തിൽ, കോവിഡ് -19 ലോക്ക്ഡൗണുകൾക്ക് ശേഷം തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ മുൻ സർക്കാർ ഇതിൽ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.
ജൂലൈ മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിൽ പരമാവധി 48 മണിക്കൂർ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ നിയന്ത്രണങ്ങൾ വരുമെന്നാണ് ഇപ്പോൾ വ്യക്തമാവുന്ന വിവരം.
വിസ ലഭിക്കാൻ ഒരു ടൂൾ എന്ന നിലയിൽ ഓസ്‌ട്രേലിയൻ ഉപരിപഠനത്തെ പല ഇന്റർനാഷണൽ സ്റ്റുഡന്റ്സും കണക്കാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ പക്ഷം.
ഇക്കഴിഞ്ഞ ഫെബ്രുവരി കാലാവധിയിൽ, ഓസ്‌ട്രേലിയയിലെ തൊഴിലധിഷ്ഠിത മേഖലയിൽ പഠിക്കാൻ ഇന്ത്യയിൽ നിന്നു ലഭിച്ച 94% അപേക്ഷകളും ഹോം അഫയേഴ്‌സ് നിരസിക്കുകയാണുണ്ടായത്.
അതേസമയം യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ചുരുങ്ങിയ ശതമാനം മാത്രമാണ് നിരസിക്കപ്പെട്ടത്.