- നിയമ ഭേദഗതി, വിദേശ വിദ്യാർത്ഥികളുടെ വീസ ദുരുപയോഗം തടയാനെന്ന് വിശദീകരണം
- സ്റ്റുഡൻറ് വീസ ലഭിക്കാൻ വേണ്ട ബാങ്ക് നിക്ഷേപ നിബന്ധന തുകയും ഓസ്ട്രേലിയ വർധിപ്പിച്ചു
വിദേശ വിദ്യാർത്ഥികളുടെ വീസ ദുരുപയോഗം തടയാൻ നിയമ ഭേദഗതിയുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്കുള്ള ഡ്യൂവൽ സ്റ്റഡി വീസ സൗകര്യം നിർത്താനുള്ള നടപടികളിലേക്ക് സർക്കാർ കടന്നതായാണ് വിവരം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിൽ പ്രധാന കോഴ്സിന് ചേരുന്നതിനോടൊപ്പം ചെലവ് കുറഞ്ഞ ഒരു വെക്കേഷണൽ കോഴ്സിന് കൂടി ചേരാൻ ലഭ്യമായിരുന്ന സൗകര്യമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്.
ഇത്തരത്തിൽ പ്രധാന കോഴ്സിന് ചേരുന്ന വിദ്യാർത്ഥികൾ അനുവദനീയ സമയ പരിധിക്ക് മുൻപ് തന്നെ പ്രധാന കോഴ്സ് വിട്ട് തൊഴിലധിഷ്ഠിത ഉപ കോഴ്സുകളിലേക്കു മാറുന്ന സ്ഥിതി വ്യാപകമായിരുന്നു. ഇത് നിയന്ത്രിക്കുകയെന്ന ലക്ഷ്യം പുതിയ നിയമനിർമ്മാണത്തിന് പിന്നിലുണ്ട്.
പ്രധാന കോഴ്സിന് ചേരാൻ രാജ്യത്ത് എത്തുമ്പോൾ തന്നെ പുതിയൊരു വൊക്കേഷനൽ കോഴ്സിനു കൂടി ചേരാൻ അന്താരാഷ്ട്ര വിദ്യാർഥികളെ അനുവദിക്കുന്ന ‘കൺകറന്റ് സ്റ്റഡി റൂൾ’ ആണ് ഒഴിവാക്കുക. ഷോർട്ട് ടേം കോഴ്സുകളിലൂടെ അന്താരാഷ്ട്ര വിദ്യാർഥികളെ തൊഴിൽ വിപണിക്ക് വേണ്ട വിധത്തിൽ പരുവപ്പെടുത്തി എടുക്കുകയായിരുന്നു ഇതിൻെറ ഉദ്ദേശം.
എന്നാൽ അടുത്തിടെ ഗവൺമെൻറ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സൗകര്യം വിനിയോഗിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും ഇടയ്ക്കുവെച്ച് പ്രധാന കോഴ്സുകൾ ഒഴിവാക്കി വോക്കേഷനൽ കോഴ്സുകളിൽ മാത്രം പഠനം തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
കൺകറൻറ് സ്റ്റഡി സൗകര്യം വിനിയോഗിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഇത്തവണ ദൃശ്യമാവുകയുണ്ടായി. 17000 പേരാണ് ഈ സൗകര്യം 2023 ൽ പ്രയോജനപ്പെടുത്തിയത്.
എന്നാൽ 2019 ലും 2022ലും കൂടി കൺകറൻറ് സ്റ്റഡി സൗകര്യം വിനിയോഗിച്ചത് 10700 പേർ മാത്രമായിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉറപ്പാക്കാനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലയർ വ്യക്തമാക്കി.
ഇതിനിടെ വിദേശ വിദ്യാർത്ഥികൾക്കു സ്റ്റുഡൻറ് വീസ ലഭിക്കാൻ വേണ്ട ബാങ്ക് നിക്ഷേപ നിബന്ധന തുകയും ഓസ്ട്രേലിയ വർധിപ്പിച്ചു. നിലവിലെ തുക വർധിപ്പിച്ച് 15693 ഡോളറാക്കുകയാണ് ചെയ്തത്. ഒറ്റയടിക്ക് 17% മാണ് തുക വർദ്ധിപ്പിച്ചത്.
ഈ വർഷം ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.