
കൊച്ചി: ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര, സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതോടെ കേരളത്തിലെ ഭക്ഷ്യോത്പന്ന,സൂക്ഷ്‌മ, ഇടത്തരം ചെറുകിട സംരംഭകരുമായി കൂടുതൽ സഹകരിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രതിനിധി സംഘം.
ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ഫർണിച്ചർ, ഭക്ഷണം, കാർഷികോത്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ തുടങ്ങിയ മേഖലകൾക്കിത് ഗുണമാകുമെന്ന് ആസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർല്യൂ പറഞ്ഞു.
ഡിസംബർ 29ന് പ്രാബല്യത്തിൽ വന്ന കരാറിന്റെ തുടർചർച്ചകൾക്കാണ് സാറ കിർല്യൂ, മുൻമന്ത്രിയും ആസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിൽ മേധാവിയുമായ ജോഡി മെക്കെ, എ.ഐ.ബി.സി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക് എന്നിവരുടെ സംഘം കൊച്ചിയിൽ വാണിജ്യ, വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
കരാറിലൂടെ 27ബില്യൺ ഡോളറിന്റെ നിലവിലെ വ്യാപാരം വർഷത്തിനുള്ളിൽ വൻതോതിൽ വർദ്ധിപ്പിക്കുമെന്നും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംഘം പറഞ്ഞു.
ഫിക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫോറിൻ ട്രേഡ് അഡിഷണൽ ഡയറക്ടർ ജനറൽ ബിബിൻ മേനോൻ, ജോയിന്റ് ഡയറക്ടർ ഒഫ് ഫോറിൻ ട്രേഡ് ഹരിലാൽ, ഇർഫൻ മാലിക് എന്നിവർ പങ്കെടുത്തു.
അലക്‌സ് കെ.നൈനാൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു.