മുംബൈ: ആക്‌സിസ് ബാങ്ക് ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ വായ്പ ദാതാവ് അതിവേഗം വളരുന്ന ഇൻഷുറൻസ് വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ ഏകദേശം 9 മില്യൺ ഡോളർ നിക്ഷേപിച്ച് 10 ശതമാനം ഓഹരി ഏറ്റെടുക്കാൻ ആക്‌സിസ് പദ്ധതിയിടുന്നു. ഇൻഷുറൻസ് കമ്പനിയുടെ നിലവിലെ മൂല്യം 90 മില്യൺ ഡോളറാണ്. ഗോ ഡിജിറ്റ് ലൈഫിന്റെ 9.94% ഓഹരി 9 മില്യൺ ഡോളറിന് ഏറ്റെടുക്കുന്നതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ ആഴ്ച ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെളിപ്പെടുത്തലിൽ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
ജനറൽ ഇൻഷുറൻസ് ബിസിനസിൽ ഇതിനകം പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഡിജിറ്റ്, ഗോ ഡിജിറ്റ് ലൈഫ് എന്ന സംരംഭത്തിലൂടെ ലൈഫ് ഇൻഷുറൻസ് വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതേസമയം കമ്പനിക്ക് ലൈഫ് ഇൻഷുറൻസ് ബിസിനസിനായി ഇതുവരെ ലൈസൻസ് ലഭിച്ചിട്ടില്ല.