ന്യൂഡൽഹി: മാക്‌സ് ലൈഫ് ഇൻഷുറൻസിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ ഒരുങ്ങി ആക്‌സിസ് ബാങ്ക്. സ്വകാര്യ മേഖല ബാങ്ക് അടുത്ത 6-9 മാസത്തിനുള്ളിൽ മാക്‌സ് ലൈഫ് ഇൻഷുറൻസിലെ അവരുടെ ഓഹരി പങ്കാളിത്തം ഏകദേശം 20 ശതമാനമായി ഉയർത്താൻ സാധ്യതയുള്ളതായി ഇൻഷുറൻസ് കമ്പനി സിഇഒ പ്രശാന്ത് ത്രിപാഠി പറഞ്ഞു.
നിലവിൽ ആക്‌സിസ് ബാങ്കും അതിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ആക്‌സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവ ചേർന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസിന്റെ 12.99 ശതമാനം ഓഹരികൾ കൈവശംവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബാങ്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയത്.
നിലവിൽ ബാങ്കിന് കമ്പനിയിൽ 13 ശതമാനം ഓഹരിയുണ്ട്, അടുത്ത 2-3 പാദങ്ങളിൽ ഇത് 20 ശതമാനത്തിലേക്ക് എത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ത്രിപാഠി ഒരു അഭിമുഖത്തിൽ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ഒന്നോ അതിലധികമോ തവണകളായി മാക്സ് ലൈഫിൽ ഏഴ് ശതമാനം വരെ അധിക ഓഹരി സ്വന്തമാക്കാനുള്ള അവകാശം ആക്സിസ് സ്ഥാപനങ്ങൾക്ക് ഉണ്ട്.
ആക്‌സിസ് ബാങ്കുമായുള്ള പങ്കാളിത്തം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങൾക്ക് 18-20 ശതമാനം വളർച്ച നൽകിയതായും, പുതിയ വിൽപ്പനയുടെ 60 ശതമാനവും നിലവിൽ ആക്‌സിസ് ബാങ്ക് ബന്ധത്തിൽ നിന്നാണെന്നും മാക്‌സ് ലൈഫ് സിഇഒ പ്രശാന്ത് ത്രിപാഠി പറഞ്ഞു. ആക്‌സിസ് ബാങ്കിന് പുറമേ, ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് യെസ് ബാങ്കുമായും മറ്റ് ചില സഹകരണ ബാങ്കുകളുമായും ബാങ്കാഷ്വറൻസ് പങ്കാളിത്തമുണ്ട്.