
മുംബൈ: റിലാക്‌സോ പാദരക്ഷ ഓഹരി, ചൊവ്വാഴ്ച 6 ശതമാനം ഉയര്‍ന്ന് 1076.60 രൂപയിലെത്തി. സ്‌റ്റോക്ക് കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. ആക്‌സിസ് സെക്യൂരിറ്റീസ് 1120 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ 1130 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ഷെയര്‍ഖാന്റേത്.
ചെറുകിട/അസംഘടിത വിഭാഗങ്ങളില്‍ നിന്നുള്ള വിപണി വിഹിതം, ഗ്രാമീണ, ചെറുപട്ടണങ്ങളിലെ വീണ്ടെടുക്കല്‍, ഗുണനിലവാരമുള്ള വിലകുറഞ്ഞ ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് എന്നിവ കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നു. ഇതോടെ റിലാക്‌സോ വരുമാനവും ലാഭവും വര്‍ധിപ്പിക്കും.
വൈവിദ്യമുള്ള പോര്‍ട്ട്‌ഫോളിയോ, മികച്ച വിതരണശൃംഖല, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ബ്രാന്‍ഡുകളിലുള്ള നിക്ഷേപം എന്നിവയാണ് ഷെയര്‍ഖാന്‍ കമ്പനിയില്‍ കാണുന്ന ഗുണങ്ങള്‍. റിലാക്‌സോ, സ്പാര്‍ക്‌സ്, ബഹ്മാസ്, ഫ്‌ലൈറ്റ് എന്നീ ജനപ്രിയ ബ്രാന്‍ഡുകളുള്ള രാജ്യത്തെ വലിയ പാദക്ഷാ നിര്‍മ്മാതാക്കളില്‍ ഒന്നാണ് റിലാക്‌സോ.
2022 ല്‍ 18 ശതമാനത്തിന്റെ നെഗറ്റീവ് ആദായമാണ് നല്‍കിയതെങ്കിലും ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ച ഓഹരിയാണ് റിലാക്‌സോയുടേത്. 2017 സെപ്തംബറില്‍ 265 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 1076.60 രൂപയിലെത്തി നില്‍ക്കുന്നത്.