
ആലപ്പുഴ: എഴുപതുവയസ്സുകഴിഞ്ഞവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയില്‍ സൗജന്യചികിത്സ വാഗ്ദാനംചെയ്ത് കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തില്‍.
കേന്ദ്ര പോർട്ടലിലെ പട്ടികനോക്കി കേരളത്തില്‍ സൗജന്യചികിത്സ തേടുന്നവരെ അറിയിപ്പുകിട്ടിയില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയാണ് ആശുപത്രിക്കാർ. അതിനാല്‍, ഇവിടെ പദ്ധതിയില്‍ രജിസ്റ്റർചെയ്ത് വയോവന്ദന കാർഡ് കിട്ടിയവർക്ക് ചികിത്സയ്ക്കു പണംനല്‍കേണ്ട സ്ഥിതിയാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലായി സംസ്ഥാനത്തെ 588 ആശുപത്രികളെയാണ് 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സാപദ്ധതിയില്‍ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിലെ ആയുഷ്മാൻ ഭാരത് (കേരളത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ ആശുപത്രികളുടെ പട്ടിക അതേപടി 70 കഴിഞ്ഞവരുടെ പദ്ധതിയിലേക്കും കേന്ദ്രം മാറ്റിയിരിക്കുകയാണ്.
എന്നാല്‍, സംസ്ഥാന സർക്കാരിനെയോ ആശുപത്രികളെയോ അറിയിച്ചിട്ടില്ല. അതാണ് കേന്ദ്രപോർട്ടലിലൂടെ നേരിട്ട് പദ്ധതിയുടെ ഭാഗമായവർക്ക് സൗജന്യചികിത്സ കിട്ടാത്ത സ്ഥിതിയുണ്ടാകുന്നത്.
സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പുചുമതല സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി(എസ്.എച്ച്.എ.)ക്കാണ്. കേന്ദ്രസർക്കാരില്‍നിന്ന് മാർഗനിർദേശം ലഭിച്ചാലേ 70 കഴിഞ്ഞവരുടെ സൗജന്യചികിത്സ സംബന്ധിച്ച് ഇവർക്കു തീരുമാനമെടുക്കാനാകൂ.
കാരുണ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സൗജന്യചികിത്സ നല്‍കിയ വകയില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് കോടിക്കണക്കിനു രൂപ കുടിശ്ശികയാണ്. അതിനാല്‍, കേന്ദ്രനിർദേശംവന്നാലും ആദ്യഘട്ടത്തില്‍ സർക്കാർ ആശുപത്രികളില്‍നിന്നേ ചികിത്സകിട്ടൂ.