വിപ്രോ സ്ഥാപകൻ അസിം പ്രേംജി ബാങ്കിംഗ് രംഗത്തേക്കും ചുവടു വയ്ക്കുന്നതായി റിപ്പോർട്ടുകൾ. അസിം പ്രേംജിയുടെ കുടുംബ ബിസിനസ്സായ പ്രേംജി ഇൻവെസ്റ്റ്, ബാങ്ക് ഓഫ് ബറോഡയുടെ അനുബന്ധ സ്ഥാപനമായ നൈനിറ്റാൾ ബാങ്കിൻ്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രേംജി ഇൻവെസ്റ്റ് ഇതുമായി ബഹന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതായി ആണ് സൂചന. എന്നാൽ, ഇത് അന്തിമമായിട്ടില്ല. ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈനിറ്റാൾ ബാങ്കിൻ്റെ മൂല്യം 800 കോടി രൂപയാണ്.
ബാങ്കിലെ ഭൂരിഭാഗം ഓഹരികളും ബാങ്ക് ഓഫ് ബറോഡ വിറ്റഴിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 51 ശതമാനം ഓഹരികൾ ആദ്യഘട്ടത്തിൽ വിൽക്കും.
പ്രാദേശിക ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1922 ലാണ് നൈനിറ്റാൾ ബാങ്ക് സ്ഥാപിച്ചത്. ബാങ്കിൻെറ പ്രവർത്തനങ്ങളുടെ മേൽനോട്ടം 1973-ൽ ആർബിഐ ബാങ്ക് ഓഫ് ബറോഡയെ ഏൽപ്പിക്കുകയായിരുന്നു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി ബാങ്കിന് 168 ശാഖകളാണ് ഇപ്പോഴുള്ളത്. ആദ്യ ഘട്ടത്തിൽ ബാങ്കിനെറ 51 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. അടുത്ത ഘട്ടത്തിൽ ബാക്കി ഓഹരികൾ വിറ്റഴിക്കും.
നൈനിറ്റാൾ ബാങ്കിൻ്റെ ഭൂരിഭാഗം ഓഹരികളും ഇപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ കാവശമാണ്. 98 ശതമാനത്തോളം ഓഹരികൾ വരും ഇത്.
ബാങ്കിംഗ് മേഖലയിലേക്ക് പ്രേംജി
1000 കോടി ഡോളറിലധികം ആസ്തിയുള്ള കമ്പനിയുടെ ഭാഗമാണ് പ്രേംജി ഇൻവെസ്റ്റ്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ്, ടെക്‌നോളജി ലാൻഡ്‌സ്‌കേപ്പിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് കമ്പനി.
പോളിസിബസാർ, ലെൻസ്‌കാർട്ട്, ക്രെഡിറ്റ്ബീ എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്.
ബാങ്കിംഗ് ഇതര ധനകാര്യ രംഗം, ഇൻഷുറൻസ്, മേഖലകളിൽ നിക്ഷേപം നടത്തിയിരിക്കുന്ന സ്ഥാപനം ആദ്യമായാണ് ബാങ്കിംഗ് രംഗത്തേക്ക് ചുവടുവക്കുന്നത്.