
തൃശൂർ: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം(Bad Loans) ഇപ്പോഴും ഉയർന്ന തോതിൽ. 2023 സാമ്പത്തിക വർഷത്തെ കിട്ടാക്കടം 4,28,199 കോടിയാണ്. വൻ തുക ബാധ്യത വരുത്തിയ കോർപറേറ്റ് ഭീമന്മാരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളലും തകൃതിയായി നടക്കുന്നു.
വിവിധ കമ്പനികൾക്ക് നൽകിയ തുക തിരിച്ചുകിട്ടാതെ വന്നതോടെ വൻതോതിൽ ഇളവോടെ (സെറ്റിൽമെന്റ്) ഈ കമ്പനികളെ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ബാങ്കുകൾ.
ബാങ്കിങ്ങിൽ ‘ഹെയർകട്ട്’ എന്ന് വിളിക്കുന്ന ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് നഷ്ടമായത്. ഇത്തരം സ്ഥാപനങ്ങളെ ചുളുവിൽ ഏറ്റെടുത്ത് ലാഭമുണ്ടാക്കിയവരിൽ മുന്നിൽ അദാനി ഗ്രൂപ്പ് ആണെന്നും കണക്കുകൾ പറയുന്നു.
ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത സ്ഥാപനങ്ങളെ ഹെയർകട്ടിലൂടെ രക്ഷപ്പെടുത്തുമ്പോൾ പലപ്പോഴും കുറഞ്ഞ തുകക്ക് അവ ഏറ്റെടുക്കുന്നത് അതേ ഗ്രൂപ്പുമായി ബന്ധമുള്ളവർ തന്നെയാണെന്നും എ.ഐ.ബി.ഇ.എ ചൂണ്ടിക്കാട്ടുന്നു.
കിട്ടാക്കടം പെരുകുന്നതുമൂലം ബാങ്കുകളുടെ യഥാർഥ ലാഭത്തിലും വൻ ഇടിവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകൾ 2,66,065 കോടി രൂപ പ്രവർത്തനലാഭം നേടിയ 2023-24 സാമ്പത്തിക വർഷത്തിൽ 1,24,862 കോടി രൂപ കിട്ടാക്കട ബാധ്യതയിലേക്കും മറ്റും നീക്കിവെക്കേണ്ടി വന്നതിനാൽ ആകെ ലാഭം 1,41,203 കോടിയായി ഇടിഞ്ഞു.
2015-‘16 മുതൽ 2019-‘20 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ പ്രവർത്തന ലാഭത്തേക്കാൾ അധികം തുക കിട്ടാക്കട ബാധ്യതയിലേക്ക് നീക്കിവെക്കുകയും ബാങ്കുകൾ നഷ്ടക്കണക്ക് കാണിക്കേണ്ടിവരുകയും ചെയ്തിരുന്നു.