ഡൽഹി: എഞ്ചിനീയറിംഗ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനമായ ക്വസ്റ്റ് ഗ്ലോബൽ സർവീസസിലെ തങ്ങളുടെ ഓഹരികൾ വിൽക്കാൻ പദ്ധതിയിട്ട് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ ബെയിൻ ക്യാപിറ്റലും അഡ്വെന്റ് ഇന്റർനാഷണലും. നിക്ഷേപം നടത്തി ആറ് വർഷത്തിന് ശേഷമാണ് കമ്പനിയുടെ ഓഹരി വില്പനയ്ക്കായി ഇവർ തയ്യാറെടുക്കുന്നത്. രണ്ട് ഫണ്ടുകൾക്കും ചേർന്ന് കമ്പനിയുടെ ഏകദേശം 33 ശതമാനം ഓഹരിയുണ്ട്.
ക്വസ്റ്റ് ഗ്ലോബലിൽ 2-3% ഓഹരിയുള്ള സിംഗപ്പൂർ നിക്ഷേപ സ്ഥാപനമായ ജിഐസി ഇവരോടൊപ്പം ഓഹരി വിൽക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ ബാങ്കുകളായ ജെപി മോർഗനും ബാർക്ലേസും ഒരു ഔപചാരിക ഓഹരി വിൽപ്പന പ്രക്രിയ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ടെക്‌നോളജി സ്റ്റോക്ക് മൂല്യനിർണ്ണയം ആഗോള തകർച്ചയെ അഭിമുഖീകരിച്ചതിനാൽ കമ്പനിയെ ഇന്ത്യയിലോ യുഎസിലോ ലിസ്റ്റ് ചെയ്യാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബെയ്‌നും അഡ്വെന്റും ഓഹരി വിൽപ്പനയ്ക്കുള്ള പദ്ധതികൾ വേഗത്തിലാക്കി. ഈ റൗണ്ടിന് 2.5-3 ബില്യൺ ഡോളറിന്റെ മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വസ്റ്റ് ഗ്ലോബലിന്റെ വരുമാനം 2021 സാമ്പത്തിക വർഷത്തിൽ 598 മില്യൺ ഡോളറായി കുറഞ്ഞിരുന്നു. മുൻ ജനറൽ ഇലക്ട്രിക് എഞ്ചിനീയർ പ്രഭു, അരവിന്ദ് മെല്ലിഗെരിയുമായി ചേർന്ന് 1997-ൽ സ്ഥാപിച്ച ക്വസ്റ്റിന് പ്രാറ്റ് & വിറ്റ്നി, റോൾസ് റോയ്സ്, ബിഎംഡബ്ല്യു, എയർബസ്, ജിഇ എന്നി പ്രമുഖ കമ്പനികൾ ഉപഭോക്താക്കളുണ്ട്.
17 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി എയ്‌റോസ്‌പേസ്, ഡിഫൻസ്, ഓട്ടോമോട്ടീവ്, എനർജി, ഹൈടെക്, ഹെൽത്ത് കെയർ, മെഡിക്കൽ ഉപകരണങ്ങൾ, റെയിൽ, അർദ്ധചാലക വ്യവസായങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.