
മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍.
120 കോടിയുടേതാണ് ഏറ്റെടുക്കലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുക, ആദ്യഘട്ടമായി 49 ശതമാനം ഓഹരിയും പിന്നീട് ശേഷിക്കുന്ന 51 ശതമാനം ഓഹരിയും ബജാജ് ഏറ്റെടുക്കും.
ഹൈദരാബാദ് ആസ്ഥാനമായുള്ള ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍, ബഞ്ചാറസ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബഞ്ചാറസിന്റെ സാന്നിധ്യം വടക്കന്‍ സംസ്ഥാനങ്ങളിലേക്കും എത്തും. 50 കോടി വാര്‍ഷിക വരുമാനമുള്ള ബഞ്ചാറസ് ഇപ്പോള്‍ സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 70,000 ഔട്ട്‌ലെറ്റുകളില്‍ ബഞ്ചാറസ് ഉത്പന്നങ്ങള്‍ ലഭ്യമാണ്.
ഇരുകമ്പനികളും സംയുക്തമായി പ്രാദേശിക വിപണി ശക്തിപ്പെടുത്തുന്നതിനുള്ള രീതികള്‍ അവലംബിക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യന്‍ വിപണികളിലേക്കുള്ള കമ്പനിയുടെ പ്രവേശനം സാധ്യമാകുമെന്ന് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ എം.ഡി ജയദീപ് പറഞ്ഞു.
പ്രകൃതിദത്ത വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ നേട്ടം കൊയ്യാന്‍ ബജാജിന് പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വ്യവസായ വിദഗ്ദ്ധരുടെ അഭിപ്രായം.