മുംബൈ: 2022 സെപ്തംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം നേരിയ ഇടിവ് രേഖപ്പെടുത്തി 62 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 62.55 കോടി രൂപ അറ്റാദായം നേടിയതായി ബജാജ് ഇലക്ട്രിക്കൽസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
അവലോകന പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന മുൻ വർഷത്തെ 1,283.44 കോടി രൂപയിൽ നിന്ന് 6.41 ശതമാനം ഇടിഞ്ഞ് 1,201.14 കോടി രൂപയായി കുറഞ്ഞു. ഈ കാലയളവിലെ ബജാജ് ഇലക്ട്രിക്കൽസിന്റെ മൊത്തം ചെലവ് 1,159.22 കോടി രൂപയാണ്.
വരുമാനം കുറയുകയും ചിലവ് ഉയരുകയും ചെയ്‌തിട്ടും 6 ശതമാനം പിബിടി വളർച്ച കൈവരിച്ചതായി ബജാജ് ഇലക്ട്രിക്കൽസ് ചെയർമാനും മാനേജിംഗും ഡയറക്ടറുമായ ശേഖർ ബജാജ് പറഞ്ഞു.
സെപ്തംബർ പാദത്തിൽ ബജാജ് ഇലക്ട്രിക്കൽസിന്റെ കൺസ്യൂമർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 2.45 ശതമാനം കുറഞ്ഞ് 882 കോടി രൂപയായപ്പോൾ ലൈറ്റിംഗ് സൊല്യൂഷൻ വിഭാഗത്തിൽ നിന്നുള്ള വരുമാനം 286 കോടിയിൽ നിന്ന് 275 കോടി രൂപയായി. കൂടാതെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നിവയിൽ നിന്നുള്ള വരുമാനം 39.42 കോടി രൂപയായി കുറഞ്ഞു.
കമ്പനിക്ക് നിലവിൽ 1,554 കോടി രൂപയുടെ ഓർഡർ ബുക്കുണ്ട്. ഇന്ത്യൻ ഉപഭോക്തൃ ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കമ്പനി ലൈറ്റിംഗ്, വീട്ടുപകരണങ്ങൾ, ഫാനുകൾ, എൽപിജി അധിഷ്ഠിത ജനറേറ്ററുകൾ, എഞ്ചിനീയറിംഗ്, പ്രോജക്ടുകൾ എന്നി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.