മുംബൈ: അന്തരിച്ച ശ്രീ രാഹുൽ ബജാജിന്റെ ജന്മദിനത്തിൽ പൂനെയിലെ അകുർദിയിൽ പുതിയ ഇവി നിർമ്മാണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് ബജാജ് ഓട്ടോയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ചേതക് ടെക്നോളജി ലിമിറ്റഡ്. ചേതക് ടെക്നോളജിയും അതിന്റെ വെണ്ടർ പാർട്ണർമാരും ചേർന്ന് ഏകദേശം 750 കോടി രൂപ ഈ പുതിയ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രത്തിനായി നിക്ഷേപിച്ചിട്ടുണ്ട്. പ്രതിവർഷം 5,00,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നതിനായി തങ്ങളുടെ ഉൽപ്പാദന ശേഷി അതിവേഗം വിപുലീകരിക്കുമെന്ന് കമ്പനി പറഞ്ഞു.
സ്വദേശീയ ഇരുചക്രവാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോയുടെ ചേതക് ബ്രാൻഡിന് കീഴിലുള്ള പുതിയ ഇവി നിർമ്മാണ പ്ലാന്റ് അര ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ്, ഇതിലൂടെ 11,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു അത്യാധുനിക ഗവേഷണ-വികസന കേന്ദ്രവുമായി സഹകരിച്ച് സിടിഎല്ലിന്റെ അകുർദി സൗകര്യം ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇതുവരെ 14,000-ത്തിലധികം ചേതക് ഇ-സ്‌കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ടെന്നും 16,000-ലധികം ബുക്കിംഗുകൾ ഇതിനകം തന്നെ അണിയറയിലുണ്ടെന്നും ബജാജ് അവകാശപ്പെടുന്നു.