
മുംബൈ: 2 പുതിയ പ്ലാന്റുകളുടെ നിർമ്മാണത്തോടൊപ്പം ഒരു ഗ്രീൻഫീൽഡ് പദ്ധതി കമ്മീഷൻ ചെയ്യുന്നതായി ബാലാജി അമീൻസ് പ്രഖ്യാപിച്ചു. 90 ഏക്കർ ഗ്രീൻഫീൽഡ് പ്രോജക്ടിന്റെ (യൂണിറ്റ് IV) ഒന്നാം ഘട്ടം പൂർത്തിയായതായും. പ്ലാന്റ് 2022 സെപ്തംബർ അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ തയ്യാറാകുമെന്നും ബാലാജി അമീൻസ് പ്രസ്താവനയിൽ പറഞ്ഞു.
ഈ പദ്ധതി 15,000 ടൺ വാർഷിക ഉൽപ്പാദനശേഷി കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഡി-മെഥൈൽ കാർബണേറ്റ് (DMC)/പ്രൊപിലീൻ കാർബണേറ്റ് (PC), പ്രൊപിലീൻ ഗ്ലൈക്കോൾ (PG) എന്നിവയാണ് ഈ പദ്ധതിയിലുടെ ഉൽപാദിപ്പിക്കുന്നത്. നിലവിൽ കമ്പനിയുടെ ഓഹരികൾ 2.04 ശതമാനത്തിന്റെ നേട്ടത്തിൽ 3,756.15 രൂപയിലെത്തി.
കൂടാതെ ഗ്രീൻഫീൽഡ് പ്രോജക്ടിന്റെ (യൂണിറ്റ് IV) പ്ലാന്റുകൾക്കായുള്ള രണ്ടാം ഘട്ട നിർമ്മാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള പാരിസ്ഥിതിക അനുമതി വളരെ നേരത്തെ തന്നെ ലഭിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഈ അത്യാധുനിക നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
മെത്തിലാമൈൻസ്, എഥിലാമൈൻസ്, പ്രത്യേക രാസവസ്തുക്കളുടെ ഡെറിവേറ്റീവുകൾ, പ്രകൃതി ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബാലാജി അമൈൻസ് (ബിഎഎൽ) ലിമിറ്റഡ്.