
കാസർകോട്: സംസ്ഥാനത്ത് നേന്ത്രപ്പഴം വില കുതിച്ചുയർന്നു. 80 മുതൽ 95 വരെയാണ് പൊതുവിപണിയിലെ നേന്ത്രപ്പഴത്തിന്റെ വില. കിലോയ്ക്ക് 50-നും 70-നും ഇടയിൽ കിട്ടിയിരുന്നിടത്താണ് ഇപ്പോൾ വില 100നടുത്തെത്തിയിരിക്കുന്നത്. മൊത്ത വിപണിയിൽ നേന്ത്രപ്പഴത്തിന് 60 മുതൽ 70 രൂപവരെയാണ് കിലോയ്ക്ക് വില.
അതേസമയം, നാട്ടിൻപുറങ്ങളിൽ ചിലയിടങ്ങളിൽ കർഷകർ നേരിട്ടെത്തിക്കുന്ന നേന്ത്രപ്പഴം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിലേറെയും. കൃഷിയിടങ്ങളിൽ വിളവ് കുറഞ്ഞതോടെയാണ് പുറത്ത് നിന്നും പഴങ്ങൾ എത്തിക്കാൻ തുടങ്ങിയത്.
നാടൻപഴങ്ങൾ എത്താത്തതാണ് പ്രധാനമായും പഴത്തിന്റെ വിപണി വില വർധിക്കുന്നതിന് കാരണം. 2023-ൽ ഇതേ കാലയളവിൽ നേന്ത്രപ്പഴത്തിന് 70 വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഓണവിപണിയിൽ കിലോയ്ക്ക് 60-65 നിരക്കിൽ പഴം ലഭിച്ചിരുന്നു.
നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം-പച്ചക്കറി വ്യാപാരികൾ പറയുന്നത്. കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് 60 രൂപയ്ക്കാണ് ലഭിക്കുന്നത്.