
ഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ 551 ശാഖകൾ കൂടി തുറക്കാൻ പദ്ധതിയിട്ട് ബന്ധൻ ബാങ്ക്. കിഴക്കൻ മേഖലയ്ക്ക് പുറത്ത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ വിതരണം ശക്തമാക്കുന്നതിനാണ് പുതിയ ശാഖകൾ തുറക്കുന്നതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ്ര ശേഖർ ഘോഷ് പറഞ്ഞു.
ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളോടെ കൊൽക്കത്ത ആസ്ഥാനമായുള്ള ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 6,000 കവിയും. ഡിജിറ്റൽ, ടെക് പരിവർത്തനത്തിനുള്ള ബാങ്കിന്റെ മുന്നേറ്റം വലിയ വിജയമാണെന്നും മൊത്തം ഇടപാടുകളുടെ 92 ശതമാനവും ഡിജിറ്റൽ വഴിയിലൂടെയാണ് നടക്കുന്നതെന്നും ബന്ധൻ ബാങ്കിന്റെ ഏഴാം വാർഷിക ആഘോഷത്തിൽ സംസാരിച്ച ഘോഷ് പറഞ്ഞു.
മ്യൂച്വൽ ഫണ്ട് സേവനങ്ങൾ ആരംഭിച്ച് കൊണ്ട് ബന്ധൻ ബാങ്ക് അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. ബാങ്കിന് നിലവിൽ ഏകദേശം മൂന്ന് ലക്ഷം ഭവന വായ്പ ഉപഭോക്താക്കളുണ്ട്. ഈ ഹോം ലോൺ പോർട്ട്‌ഫോളിയോ ഇരട്ടിയാക്കാൻ ബാങ്ക് പദ്ധതിയിടുന്നു. 48,235 കോടിയുടെ വിപണി മൂല്യമുള്ള ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കാണ് ബന്ധൻ ബാങ്ക്.