ധാക്ക: ഇന്ത്യയടക്കമുള്ള അയൽക്കാരെപ്പോലും അമ്പരിപ്പിച്ച് വൻ കുതിച്ചുചാട്ടവുമായി ബംഗ്ളാദേശ് സമ്പദ്‌വ്യവസ്ഥ.
2016 മുതൽ 2021 വരെ ശരാശരി 6.4 ശതമാനം വളർന്ന ബംഗ്ളാദേശ് 2040ഓടെ ഒരുലക്ഷം കോടി ഡോളർ സമ്പദ്‌മൂല്യത്തിലെത്തുമെന്ന് ബോസ്‌റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
നിലവിൽ 41,600 കോടി ഡോളറാണ് മൂല്യം. ശരാശരി 5 ശതമാനം വാർഷിക വളർച്ചനിലനിറുത്തിയാൽ തന്നെ 2040ഓടെ ലക്ഷ്യം നേടാൻ ബംഗ്ളാദേശിന് കഴിയും.
2016-21 കാലയളവിലെ ശരാശരി വാർഷിക വളർച്ചാനിരക്കിൽ ചൈന, ഇന്ത്യ, ഇൻഡോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈൻസ് എന്നിവയെ ബംഗ്ളാദേശ് മറികടന്നിരുന്നു.
2015ൽ ബംഗ്ളാദേശ് ‘ലോവർ ഇൻകം” എന്നതിൽ നിന്ന് ‘ലോവർ-മിഡിൽ-ഇൻകം” രാജ്യമായി മാറിയിരുന്നു. ശരാശരി 28 വയസുള്ള തൊഴിലാളി സമൂഹമാണ് ബംഗ്ളാദേശിന്റെ മുന്നേറ്റത്തിന്റെ കരുത്ത്. 2031ൽ ബംഗ്ളാദേശ് ‘അപ്പർ-മിഡിൽ-ഇൻകം” രാജ്യമാകുമെന്ന് കരുതപ്പെടുന്നു.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇപ്പോഴും ഇന്ത്യയ്ക്ക് സ്വന്തമാണ്. 2010ൽ തന്നെ ഇന്ത്യ ‘ലോവർ-മിഡിൽ-ഇൻകം” രാജ്യമായി മാറിയിരുന്നു. അതേസമയം, ബംഗ്ളാദേശിന്റെ ആളോഹരി വാർഷിക വരുമാനം നേരത്തെ തന്നെ ഇന്ത്യയെ കടത്തിവെട്ടിയിരുന്നു.
ബംഗ്ളാക്കരുത്ത്
നിലവിൽ 41,600 കോടി ഡോളറാണ് മൂല്യം.
2040ഓടെ ഒരുലക്ഷം കോടി ഡോളർ സമ്പദ്‌മൂല്യത്തിലെത്തുമെന്ന് ബോസ്‌റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്.