
ന്യൂഡൽഹി: പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യം നടപ്പു സാമ്പത്തിക വര്‍ഷവും (2025-26) ധനമന്ത്രാലയം പരിഗണിച്ചേക്കില്ലെന്ന് സൂചനകള്‍. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനുമായി (IBA) ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം നടപ്പാക്കാനുള്ള സാധ്യതകള്‍ കാണുന്നില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ പറയുന്നു. മിക്ക ഉപയോക്താക്കളെയും സംബന്ധിച്ച് ശനിയാഴ്ചകളിലാണ് ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത്.
ഇതില്‍ തടസം വരുന്നത് വലിയ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുന്നുണ്ടെങ്കിലും നേരിട്ടുള്ള ഇടപാടുകള്‍ക്കായി കൂടുതല്‍ പേരും ശാഖകളിലെത്തുന്നത് ശനിയാഴ്ചകളിലാണ് എന്നും ഔദ്യോഗിക വക്താക്കള്‍ പറയുന്നു.
ഡെപ്പോസിറ്റുകള്‍ നേടാനും നിലനിര്‍ത്താനും ബാങ്കുകള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇതു കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം. ബിസിനസ് കൂട്ടാനായി ഡോര്‍ ടു ഡോര്‍ ക്യാംപെയിനുകളും മറ്റും നടത്തുന്നതിനും ശാഖകള്‍ തുറന്നിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
നിലവില്‍ എല്ലാ രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്ക് അവധിയാണ്. 2015 മുതലാണ് എല്ലാ ശനിയും ഞായറും അവധി നല്‍കണമെന്ന് ബാങ്ക് യൂണിയനുകള്‍ ആവശ്യപ്പെട്ടു തുടങ്ങിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കണമന്നൊവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതിയിരുന്നു.
പ്രവൃത്തി ദിനം ചുരുക്കുന്നത് ഉപയോക്താക്കളുടെ ബാങ്കിംഗ് സമയത്തെയോ ജീവനക്കാരുടേയും ഓഫീസര്‍മാരുടെയും ആകെ തൊഴില്‍ മണിക്കൂറുകളെയോ ബാധിക്കില്ലെന്നും ജീവനക്കാരുടെ യൂണിയന്‍ അറിയിച്ചു.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ശനിയാഴ്ചകളില്‍ അവധി ദിനമായി പ്രഖ്യാപിക്കാനായി 2023 ഡിസംബറില്‍ യൂണിയനും ഐ.ബി.എയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ നിര്‍ദേശം റിസര്‍വ് ബാങ്കിന്റെ പരിഗണനയ്ക്കായി വിട്ട് കാത്തിരിക്കുകയാണ് യൂണിയനുകള്‍.
ബാങ്കിംഗ് മേഖലയിലെ സ്റ്റാഫിംഗ് പാറ്റേണില്‍ വലിയ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്താണ് അഞ്ച് ദിവസം പ്രവര്‍ത്തിദിനം എന്ന ആവശ്യം വന്നരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി ബാങ്ക് ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.
2013ല്‍ 3,98,801 ക്ലാര്‍മാക്കുമാരുണ്ടായിരുന്നത് 2024 ആയപ്പോള്‍ 2,46,965 ആയി ചുരുങ്ങി. 1,51,836 ജീവനക്കാരാണ് ഈ തസ്തികയില്‍ കുറഞ്ഞത്. സബ്‌സ്റ്റാഫുകളുടെ എണ്ണം 2024ലെ 1,53,628ല്‍ നിന്ന് 94,348 ആയും കുറഞ്ഞു. പൊതുമേഖല ബാങ്കുകളില്‍ ഇക്കാലയളവില്‍ 1,39,811 ജീവനക്കാരുടെ കുറവുണ്ടായി.
അതേസമയം, സ്വകാര്യമേഖലയില്‍ കാര്യമായ വര്‍ധനയുണ്ട്. 2013ല്‍ 2,29,124 ജീവനക്കാരുണ്ടായിരുന്നത് 2024ല്‍ 84,530 ജീവനക്കാരായി. 6,17,406 ജീവനക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്.
പൊതുമേഖല ജീവനക്കാരുടെ കുറവ് നികത്തണമെന്നും പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്നും ആവശ്യമുന്നയിച്ച് മാര്‍ച്ച് 24-25 തീയതികളില്‍ 48 മണിക്കൂര്‍ പണിമുടക്കിനും ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറംം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര തൊഴില്‍ കമ്മീഷണറില്‍ നിന്ന് ഉറപ്പു ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്മാറിയതായി പിന്നീട് യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു.