മുംബൈ: ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലെ മുന്‍നിര ഓഹരികളുടെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരെ നിരാശപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് ശരാശരി 2.81 ശതമാനം നേട്ടം മാത്രമാണ്.
ഇക്കാലയളവില്‍ ബാങ്ക് നിഫ്‌റ്റി 2.4 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം നിഫ്‌റ്റി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു.
അരക്ഷിത വായ്‌പകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനായി റിസര്‍വ് ബാങ്ക് ഈയിടെ കൊണ്ടുവന്ന ചട്ടങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നീ വിഭാഗങ്ങളിലെ വളര്‍ച്ച കുറയാന്‍ കാരണമാകുമെന്ന ആശങ്കയാണ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലെ ഓഹരികളുടെ ദുര്‍ബലമായ പ്രകടനത്തിന് വഴിവെച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 12.71 ശതമാനമാണ്. പത്ത് വര്‍ഷത്തെ ശരാശരി നേട്ടം 15.44 ശതമാനവും. 2024ല്‍ ഇതുവരെ ഈ വിഭാഗം ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 3.95 ശതമാനമാണ്.
വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയപ്പോള്‍ മികച്ച നേട്ടം നല്‍കിയ മേഖലളുടെ കൂട്ടത്തില്‍ ബാങ്കിംഗിന് സ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിഫ്‌റ്റി 28 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക് നിഫ്‌റ്റി 18 ശതമാനമാണ് മുന്നേറിയത്.
അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്ക് ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ കണ്ണാടിയാണ് ബാങ്കിംഗ് എന്നിരിക്കെ സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ ആദ്യം ബാങ്കിംഗ് മേഖലയിലാണ് ഉണ്ടാകുക.