മുംബൈ: അഡീഷണൽ ടയർ 1 ബോണ്ടുകൾ അല്ലെങ്കിൽ എടി1 ബോണ്ടുകൾ വഴി ഒറ്റ അല്ലെങ്കിൽ ഒന്നിലധികം തവണകളായി 2,500 കോടി രൂപയുടെ കട മൂലധനം സമാഹരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ (BoB) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 22.08.2022 ന് ചേർന്ന ബാങ്കിന്റെ മൂലധന സമാഹരണ സമിതി യോഗം 2500 കോടി രൂപയുടെ മൊത്തം ഇഷ്യു വലുപ്പത്തിനായി ഒറ്റ അല്ലെങ്കിൽ ഒന്നിലധികം തവണകളായി ബേസൽ III കംപ്ലയിന്റ് അഡീഷണൽ ടയർ 1 (AT 1) ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകി.
ബാങ്കുകൾ അവരുടെ പ്രധാന ഇക്വിറ്റി ബേസ് വർദ്ധിപ്പിക്കുന്നതിനും അങ്ങനെ ബേസൽ III മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ഡെബ്റ് ഉപകരണമാണ് അഡീഷണൽ ടയർ 1 ബോണ്ടുകൾ. അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ബേസൽ ഉടമ്പടി പ്രകാരമാണ് ഈ ബോണ്ടുകൾ അവതരിപ്പിച്ചത്.
എടി1 ബോണ്ടുകൾ ശാശ്വത സ്വഭാവമുള്ളവ ആകയാൽ അവ മെച്യൂരിറ്റി തീയതിയൊന്നും വഹിക്കുന്നില്ല. കൂടാതെ ഇവ നിക്ഷേപകർക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. അതുപോലെ ഈ ഉപകരണങ്ങൾ ഉയർന്ന റിസ്ക് വഹിക്കുന്നവയുമാണ്. ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ ബിഎസ്ഇയിൽ 1.66 ശതമാനം ഇടിഞ്ഞ് 118.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.