
കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ (Q1FY23) 79.3 ശതമാനത്തിന്റെ വളർച്ചയോടെ 2,168 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. അവലോകന പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 12 ശതമാനം വർധിച്ച് 8,838 കോടി രൂപയായപ്പോൾ, ജൂൺ പാദത്തിലെ പ്രവർത്തന വരുമാനം 10,020 കോടി രൂപയാണ്.
നിക്ഷേപങ്ങളുടെ ചിലവ് കഴിഞ്ഞ നാലാം പാദത്തിലെ 3.55 ശതമാനത്തിൽ നിന്ന് 3.46 ശതമാനമായി കുറഞ്ഞതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ പാദത്തിലെ വായ്പ ദാതാവിന്റെ പ്രവർത്തന ലാഭം 4,528 കോടി രൂപയാണ്. അതേസമയം ബാങ്കിന്റെ കോർ ഓപ്പറേറ്റിംഗ് ലാഭം 11% വർധിച്ച് 5,301 കോടി രൂപയായി. കഴിഞ്ഞ ത്രൈമാസത്തിൽ ബാങ്കിന്റെ മൊത്ത പ്രവർത്തനരഹിത ആസ്തി (NPA) 52,591 കോടി രൂപയായി കുറഞ്ഞപ്പോൾ, മൊത്തം എൻപിഎ അനുപാതം 8.86%-ൽ നിന്ന് 6.26% ആയി മെച്ചപ്പെട്ടു.
ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 89.38 ശതമാനമാണ്. ഒരു ഇന്ത്യൻ ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. 132 ദശലക്ഷം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ദേശസാൽകൃത ബാങ്കാണിത്. വെള്ളിയാഴ്ച ബാങ്ക് ഓഫ് ബറോഡ ലിമിറ്റഡിന്റെ ഓഹരികൾ എൻഎസ്ഇയിൽ 0.68 ശതമാനം ഇടിഞ്ഞ് 116.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.