
മുംബൈ: ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) 5.5 ശതമാനത്തിലധികം ഓഹരികൾ 10 കോടി രൂപയ്ക്ക് ഏറ്റെടുത്ത് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. 2022 സെപ്തംബർ 27-ന് ഒഎൻഡിസിയിൽ 10 കോടി രൂപ നിക്ഷേപിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
നിക്ഷേപത്തിലൂടെ 2021 ഡിസംബറിൽ പ്രവർത്തനക്ഷമമായ ഡിജിറ്റൽ കൊമേഴ്‌സ് കമ്പനിയുടെ 100 രൂപ മുഖവിലയുള്ള 10,00,000 ഇക്വിറ്റി ഷെയറുകൾ ബിഒഐ സ്വന്തമാക്കി. ഇവർക്ക് പുറമെ മറ്റ് നിരവധി ബാങ്കുകളും ഒഎൻഡിസിയിൽ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് നെറ്റ്‌വർക്കുകൾ വഴിയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന് ഓപ്പൺ നെറ്റ്‌വർക്ക് സേവനം നൽകാനാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച ബാങ്കിന്റെ ഓഹരികൾ 0.53 ശതമാനത്തിന്റെ നഷ്ടത്തിൽ 45.67 രൂപയിലെത്തി.