ന്യൂഡല്‍ഹി: എഫ്ടിഎക്‌സ് സിഇഒ സാം ബാങ്ക്മാന്‍ഫ്രൈഡിന് ഒറ്റരാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്‌പ്പെട്ടു. വ്യക്തിഗത സ്വത്ത് 94 ശതമാനം ഇടിഞ്ഞ് 991.5 മില്യണ്‍ ഡോളറായതോടെയാണ് ഇത്. ഒരു ശതകോടീശ്വരന് സംഭവിച്ച ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച.
തന്റെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സ് വാങ്ങുന്നതില്‍ നിന്നും എതിരാളിയായ ബിനാന്‍സ് പിന്മാറിയതോടെയാണ് 30കാരനായ ബാങ്ക്മാന്‍ ഫ്രൈഡ് തുലഞ്ഞത്. ഇതോടെ നിക്ഷേപകര്‍ എഫ്ടിഎക്‌സില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുകയായിരുന്നു. കോയിന്‍ഡെസ്‌ക് പറയുന്നതനുസരിച്ച്, എഫ്ടിഎക്‌സ് ഏറ്റെടുക്കലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനുമുമ്പ് സാം ബാങ്ക്മാന്‍ഫ്രൈഡിന്റെ മൂല്യം 15.2 ബില്യണ്‍ ഡോളറായിരുന്നു.
ബിനാന്‍സുമായുള്ള ഇടപാട് നടക്കാത്തതിനാല്‍ ഏകദേശം 14.6 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ നിന്നും ചോര്‍ന്നു. എസ്ബിഎഫ് എന്നറിയപ്പെടുന്ന 30 കാരനായ കോടീശ്വരനെ സംബന്ധിച്ചിടത്തോളം കനത്ത പതനമാണ് ഇത്.
നവ വാറന്‍ ബഫറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ബാങ്ക്മാന്‍ സോഷ്യല്‍ മീഡിയയില്‍ ക്രിപ്‌റ്റോകറന്‍സിയുടെ തിളങ്ങുന്ന മുഖമായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് ലോ സ്‌കൂള്‍ പ്രൊഫസര്‍മാരുടെ മകനും എലൈറ്റ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) ബിരുദധാരിയുമാണ്. ക്രിപ്‌റ്റോകറന്‍സികളിലേക്ക് തിരിയുന്നതിന് മുമ്പ് വാള്‍സ്ട്രീറ്റില്‍ ബ്രോക്കറായി ജോലി ചെയ്യുകയായിരുന്നു.
രാത്രിയില്‍ നാല് മണിക്കൂര്‍ ഉറങ്ങുന്ന, സസ്യാഹാരിയായ സാം ബാങ്ക്മാന്‍രെഫഡ് മൃഗക്ഷേമം, ആഗോളതാപനത്തിനെതിരായ പോരാട്ടം എന്നിവയില്‍ സജീവമായിരുന്നു. ഇതിനായി മുഴുവന്‍ സമ്പത്തും നീക്കിവയ്ക്കുമെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.