ക്രിപ്റ്റോകൾ ബാങ്കിങ് വ്യവസായത്തെ തകർക്കുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ നിന്നും പുറത്തു വന്നു തുടങ്ങിയതിൽ പിന്നെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾക്കുള്ള നെറ്റ്‌വർക്ക് പങ്കിടാന്‍ ബാങ്കുകൾ മടികാണിക്കുന്നുവെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരുന്നു.
വൻകിട ബാങ്കുകളെല്ലാം തന്നെ അവരുടെ ക്രിപ്റ്റോ ഇടപാടുകൾക്കുള്ള പ്ലാറ്റ്‌ഫോമുകള്‍ പൂട്ടുന്നുവെന്ന വാർത്തയും ഇതോടു കൂട്ടി വായിക്കാവുന്നതാണ്.
ക്രിപ്റ്റോ വോലറ്റുകളിലൂടെ ഇടപാട് നടത്താമെങ്കിലും ബാങ്കുകളെ കൂടാതെ ക്രിപ്റ്റോകൾക്ക് സ്വതന്ത്രമായി ഇപ്പോഴും നിലനിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. അതായത് ബാങ്കുകൾക്ക് ബദലായി ഒരു സമാന്തര സാമ്പത്തിക സംവിധാനമാണ് ക്രിപ്റ്റോ കറൻസിയുടെ പിന്നിലുള്ളവർ സ്വപ്നം കണ്ടതെങ്കിലും അതിലേക്ക് പൂർണമായും എത്തിപ്പെടാൻ സാധിച്ചിട്ടില്ല.
ബാങ്കുകളുടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്രിപ്റ്റോ എക്സ്സ്‌ചേഞ്ചുകൾ ശ്രമിച്ചെങ്കിലും, ഒന്നര വർഷത്തോളമായി നീണ്ടു നിൽക്കുന്ന ‘ക്രിപ്റ്റോ വിന്റർ’ പ്രതിഭാസം മൂലം ഉപഭോക്താക്കൾ നഷ്ടം സഹിച്ചും ക്രിപ്റ്റോ കറൻസികൾ വിറ്റൊഴിയുന്ന കാഴ്ചയാണ് 2023 ആദ്യം മുതൽക്കേ ഉണ്ടായത്.