
ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ (എംഎഫ്) നിന്ന് കടുത്ത മത്സരം നേരിടുന്നു. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) വളര്‍ച്ച 12.6 ശതമാനമായി ഉയര്‍ന്നു. അതേസമയം ബാങ്കുകള്‍ നിക്ഷേപത്തില്‍ 6.2 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്.
2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് നിക്ഷേപം 11.16 ലക്ഷം കോടി രൂപ ഉയര്‍ന്ന് 191.6 ലക്ഷം കോടി രൂപയായിട്ടുണ്ട്.2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ടും ടൈം ഡെപ്പോസിറ്റ് (ഫിക്സഡ് ഡിപ്പോസിറ്റ്) വെറും 5.3 ശതമാനം മാത്രമാണ് വളര്‍ന്നത്.
167.11 ലക്ഷം കോടി രൂപയാണ് ഫിക്സഡ് ഡെപോസിറ്റ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇത് നിക്ഷേപകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നു.
എച്ച്ഡിഎഫ്സി പോലുള്ള ബാങ്കുകള്‍ 15 മാസത്തെ നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം നി്ക്ഷേപവുമായുള്ള എയുഎം-എംഫ് അനുപാതം 21.8 ശതമാനത്തില്‍ നിന്നും 23.2 ശതമാനമായി ഉയര്‍ന്നു. ഓഹരി വിപണിയുടെ മികച്ച പ്രകടനമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎം വര്‍ദ്ധിക്കാന്‍ കാരണം. വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള സുസ്ഥിര വാങ്ങലാണ് ഓഹരി വിപണിയെ ഉയര്‍ത്തുന്നത്.
സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ സ്ഥിരമായ വര്‍ദ്ധനവിനിടെ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ(എംഎഫ്) നിക്ഷേപം ജൂണില്‍ 166 ശതമാനം ഉയര്‍ന്ന് 8,637 കോടി രൂപയായി.അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ 28-ാം മാസമാണ് ഇക്വിറ്റി വരവ് പോസിറ്റീവ് ആയി തുടരുന്നത്.
സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റുള്ളത്. ഇതിലേയ്ക്കുള്ള അറ്റ ഇന്‍ഫ്‌ലോജൂണില്‍ 5,471.75 കോടി രൂപയാണ്. പ്രതിമാസം 66 ശതമാനം വര്‍ദ്ധന.
അതേസമയം ലാര്‍ജ്ക്യാപ് ക്യാപുകളില്‍ വില്‍പന ദൃശ്യമായി.2049.61 കോടി രൂപയുടെ അറ്റ ഔട്ട്ഫ്‌ലോയാണ് ജൂണില്‍ ഈ വിഭാഗത്തിലുണ്ടായത്. കോണ്ട്രാഫണ്ട് കാറ്റഗറിയിലേയ്ക്കുള്ള നിക്ഷേപം ജൂണില്‍ 2239.08 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ജൂണില്‍ 14,734 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
മെയ് മാസത്തില്‍ കോണ്ട്രാഫണ്ട് നിക്ഷേപം 582.21 കോടി രൂപയും എസ്‌ഐപികള്‍ വഴിയുള്ള നിക്ഷേപം 14,749 കോടി രൂപയുമായിരുന്നു. ഡെബ്റ്റ് ഫണ്ട് വരവ് 2023് ജൂണില്‍ നെഗറ്റീവ് ആയി .
മെയ് മാസത്തില്‍ 45,959 കോടി രൂപയായിരുന്ന ഇന്‍ഫ്‌ലോ 14,136 കോടി രൂപയായി ഇടിയുകയായിരുന്നു. അതില്‍ തന്നെ ലിക്വിഡ് ഫണ്ടുകളില്‍ 28,545.45 കോടി രൂപയുടെയും അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളില്‍ 1886.57 കോടി രൂപയുടേയും അറ്റ പിന്‍വലിക്കലാണ് നടന്നത്.
മൊത്തത്തില്‍, ഓപ്പണ്‍-എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ 1,295.83 കോടി രൂപയുടെ അറ്റ നിക്ഷേപം കണ്ടു. നിലവില്‍ ഇവയുടെ എയുഎം (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 44.13 ട്രില്യണ്‍ ഡോളറാണ്. മെയ് മാസത്തില്‍ 42.90 ട്രില്യണ്‍ രൂപയായിരുന്നു ഇത്.
മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ വിപണി മാന്യമായ വീണ്ടെടുക്കല്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള ഒഴുക്ക്. സെന്‍സെക്‌സ് ഈ കാലയളവില്‍ 7 ശതമാനം നേട്ടമാണ് കൈവരിച്ചത്. ജൂണില്‍ സൂചിക 0.7 ശതമാനം ഉയര്‍ന്നു.