മുംബൈ: തട്ടിപ്പുകളിലൂടെ ബാങ്കുകളില്‍ നിന്ന് വായ്പ നേടുന്ന സ്ഥാപനങ്ങളും വ്യക്തികളും അടക്കം മൂവായിരത്തോളം പേരുടെ പട്ടിക തയാറാക്കി ബാങ്കുകള്‍.
തട്ടിപ്പുകളിലൂടെ വായ്പ നേടുന്നതിന് സഹായിക്കുന്ന അഭിഭാഷകര്‍, ബില്‍ഡര്‍മാര്‍, സ്വര്‍ണത്തിന്‍റെ മാറ്റ് അളക്കുന്നവര്‍ എന്നിവരുടെ പേരുവിവരങ്ങളും പട്ടികയിലുണ്ട്. ഇത് എല്ലാ ബാങ്കുകളുമായി പങ്കുവയ്ക്കുകയും, പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും.
വായ്പാതട്ടിപ്പുകളിലൂടെ ബാങ്കുകളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ബാങ്കിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ ഫ്രോഡ്സ് ഉപദേശക സമിതി കഴിഞ്ഞ് മാസം നടത്തിയ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ബാങ്ക് ജീവനക്കാര്‍ വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി തട്ടിപ്പുകാരുടെ പട്ടിക പരിശോധിക്കുന്നില്ലെന്ന ആരോപണം യോഗത്തില്‍ ഉയര്‍ന്നു. ഇത് തട്ടിപ്പുകാര്‍ക്ക് സഹായകരമാകുമെന്നും പട്ടിക പരിശോധിച്ച ശേഷം മാത്രം വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ നിര്‍ദേശം നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
തട്ടിപ്പ് നടത്തുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് ഏതെങ്കിലും ബാങ്കുകള്‍ വായ്പ നിരസിച്ചാലും ഇതേ വ്യക്തികള്‍ മറ്റ് ബാങ്കുകളെ സമീപിച്ച് വായ്പ നേടിയെടുക്കുന്നുണ്ട്. ഇത്തരം വ്യക്തികളുടെ സമഗ്രമായ പട്ടിക തയാറാക്കി പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തട്ടിപ്പ് തടയാനാകുമെന്നാണ് പ്രതീക്ഷ.
പൊതുമേഖലാ ബാങ്കുകള്‍, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍, പൊതുമേഖലയിലെ സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ എന്നിവയോട് 3 കോടി രൂപയ്ക്ക് മേല്‍ വരുന്ന തട്ടിപ്പുകേസുകള്‍ ബാങ്കിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ ഫ്രോഡ്സ് ഉപദേശക സമിതിയെ അറിയിക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ വർധിക്കുന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം നാലിരട്ടിയായി വർധിച്ച് 36,075 എണ്ണമായിരുന്നു.
തട്ടിയെടുത്ത തുക 2020 സാമ്പത്തിക വർഷത്തിൽ 24,000 കോടി രൂപയായി കുറഞ്ഞു. ആർബിഐയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യമേഖലാ ബാങ്കുകളിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ, മൊത്തം തട്ടിപ്പ് തുകയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഭൂരിഭാഗം തട്ടിപ്പ് കേസുകളും കാർഡ്, ഇന്റർനെറ്റ് ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.