
ന്യൂഡൽഹി: കഴിഞ്ഞ 10 സാമ്പത്തിക വർഷത്തിനിടെ ഏകദേശം 16.35 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) അല്ലെങ്കിൽ കിട്ടാക്കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളിയതായി ധനമന്ത്രി നിർമല സീതരാമൻ ലോക്സഭയെ അറിയിച്ചു.
2018-19 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ നിഷ്ക്രിയ ആസ്തി എഴുതിത്തള്ളിയത്, 2,36,265 കോടി രൂപ. 58,786 കോടി രൂപയുടെ എൻപിഎകൾ എഴുതിത്തള്ളിയ 2014-15ലാണ് ഏറ്റവും കുറവ്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-24 കാലയളവിൽ ബാങ്കുകൾ 1,70,270 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 2,16,324 കോടി രൂപയായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗനിർദേശങ്ങളും ബാങ്കുകളുടെ ബോർഡുകൾ അംഗീകരിച്ച നയവും അനുസരിച്ചാണ് നാല് വർഷം പൂർത്തിയാകുമ്പോൾ പൂർണമായ പ്രൊവിഷനിംഗ് നടത്തിയിട്ടുള്ള നിഷ്ക്രിയ ആസ്തികൾ (എൻപിഎ) ഉൾപ്പെടെയുള്ളവ ബാങ്കുകൾ എഴുതിത്തള്ളുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.
കിട്ടാക്കടം എഴുതിത്തള്ളൽ എന്നാൽ കടം വാങ്ങുന്നവരെ തിരിച്ചടവിൽനിന്ന് ഒഴിവാക്കൽ അല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
സിവിൽ കോടതികളിൽ കേസുകൾ ഫയൽ ചെയ്യുകയോ, കടം വീണ്ടെടുക്കൽ ട്രൈബ്യൂണലുകളെ സമീപിക്കുക, സർഫാസി ആക്ട് ഉപയോഗിക്കുക, അല്ലെങ്കിൽ പാപ്പരത്ത നിയമപ്രകാരം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) വിഷയം കൊണ്ടുപോകുക തുടങ്ങിയ നിയമപരമായ മാർഗങ്ങളിലൂടെ പണം തിരിച്ചുപിടിക്കാൻ ബാങ്കുകൾ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.