കൊച്ചി: പ്രകൃതി സംരക്ഷണത്തിന് അനുയോജ്യമായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിന് ഫണ്ട് കണ്ടെത്താൻ വാണിജ്യ ബാങ്കുകൾ ഹരിത സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്നു.
കാർബൺ വികിരണം പരമാവധി കുറവുള്ള മേഖലകളായ പുനരുജ്ജീവന ഇന്ധനങ്ങൾ, വൈദ്യുതി വാഹനങ്ങൾ, ഗ്രീൻ റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പണം സമാഹരിക്കാനാണ് ബാങ്കുകൾ ഹരിത നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) ഗ്രീൻ റുപ്പി കാലാവധി നിക്ഷേപ പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ആകർഷകമായ പലിശയാണ് എസ്. ബി.ഐ ഹരിത നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷം മുൻനിര സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് വായ്പ നൽകാനായി ഹരിത കടപ്പത്രങ്ങൾ വില്പനയ്ക്ക് അവതരിപ്പിച്ചിരുന്നു. രാജ്യത്തെ മറ്റ് പ്രമുഖ ബാങ്കുകളും സമാനമായ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ്.
സ്വദേശികൾക്കും പ്രവാസികൾക്കും ഹരിത ഫണ്ടുകളിൽ നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ അവസരമുണ്ട്. കാലാവധിക്ക് മുമ്പായി നിക്ഷേപം പിൻവലിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.
1111 ദിവസങ്ങൾ, 1777 ദിവസങ്ങൾ എന്നീ കാലാവധികളിൽ ഹരിത റുപ്പി പദ്ധതികളിൽ നിക്ഷേപിക്കുന്നവർക്ക് 6.5 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്.
2222 ദിവസത്തെ കാലവധിയുള്ള നിക്ഷേപങ്ങൾക്ക് 6.4 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് വിവിധ കാലാവധി നിക്ഷേപങ്ങൾക്ക് അര ശതമാനം പലിശ കൂടുതൽ നേടാനാകും.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കാർബൺ വികിരണം കുറവുള്ള വ്യവസായങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കാവുന്ന പദ്ധതിയാണ് ഹരിത സ്ഥിര നിക്ഷേപങ്ങൾ.
ഇതിലൂടെ സമാഹരിക്കുന്ന പണം ബാങ്കുകൾ പൂർണമായും പരിസ്ഥിതി സൗഹ്യദ വ്യവസായങ്ങൾക്ക് മാത്രമാകും വായ്പയായി നൽകുക.
ധന സുരക്ഷിതവും നൈതിക നിക്ഷേപവും സമന്വയിപ്പിക്കാനാണ് ബാങ്കുകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.