മുംബൈ: വർധിച്ച വായ്പാ ആവശ്യം നിറവേറ്റാൻ നിക്ഷേപ സമാഹരണത്തിന് ബാങ്കുകൾ. പ്രത്യേക കാലയളവിലെ നിക്ഷേപ പ്ലാൻ അവതരിപ്പിച്ചാണ് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. 0.25 ശതമാനം മുതൽ 0.30 ശതമാനം വരെ വർധനവാണ് പലിശ നിരക്കിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് 7.25 ശതമാനം മുതൽ 7.30 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്ത് 399 മുതൽ 444 ദിവസം വരെയുള്ള പ്രത്യേക നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും ഈ ബാങ്കുകൾ നൽകുന്നുണ്ട്.
ഉയർന്ന പലിശ നിരക്ക് കുറച്ചുകാലം കൂടി തുടരാനാണ് സാധ്യത. 2024 ജൂണിന് ശേഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇതോടെ മങ്ങി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാൻ ആർബിഐ തയ്യാറാവില്ലെന്നതാണ് വസ്തുത.
ഈ സാഹചര്യത്തിലാണ് ഹ്രസ്വകാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകൾ രംഗത്തെത്തിയത്.
രണ്ട് വർഷത്തിൽ താഴെ കാലയളവിലെ നിക്ഷേപത്തിനാണ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത്. നിരക്ക് കുറയ്ക്കുമ്പോൾ ഉയർന്ന പലിശ ബാധ്യത തുടരാൻ ബാങ്കുകൾ താത്പര്യപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണം.
അതേസമയം, റീട്ടെയിൽ നിക്ഷേപ സമാഹണം ബാങ്കുകൾക്ക് അത്ര എളുപ്പമല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് പരിമിതമായ കാലത്തേക്കുള്ള പദ്ധതികൾ ബാങ്കുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തൽ.
വായ്പാ വളർച്ച 14-16 ശതമാനമായി തുടരുകയാണെങ്കിൽ നിക്ഷേപ സമാഹരണത്തിന് ഉയർന്ന പലിശ നൽകേണ്ടിവരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കാലയളവിൽ ഉയർന്ന പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ ബാങ്കുകൾ അവതരിപ്പിച്ചത്.
ബാങ്കുകളുടെ പദ്ധതികൾ
അമൃത് വൃഷ്ടി പദ്ധതി പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ മൺസൂൺ ധമാക്ക പ്രകാരം 399 ദിവസത്തെ നിക്ഷേപ പദ്ധതിയിൽ 7.25 ശതമനവും പലിശ ലഭിക്കും.
ഇന്ത്യൻ ഓവർസ് ബാങ്കാകട്ടെ 444 ദിവസത്തെ നിക്ഷേപത്തിന് 7.30 ശതമാനം പലിശയാണ് നൽകുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 200 ദിവസത്തെ നിക്ഷേപത്തിന് 6.90 ശതമാനവും 400 ദിവസത്തെ നിക്ഷേപത്തിന് 7.10 ശതമാനവും പലിശ നൽകുന്നു.
നിക്ഷേപത്തിന്റെയും വായ്പയുടെയും അനുപാതത്തിലെ വ്യത്യാസം കുറയ്ക്കാൻ ഈയിടെ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു. ജൂൺ 28 വരെയുള്ള കണക്കുപ്രകാരം വായ്പയിൽ 14 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
നിക്ഷേപ വളർച്ചയാകട്ടെ 11 ശതമാനവുമാണ്.