ന്യൂഡല്‍ഹി: പലിശനിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണനയ അവലോകന കമ്മിറ്റി (എംപിസി) യോഗം തിങ്കളാഴ്ച തുടങ്ങി. 8 വരെ നീളുന്ന യോഗം 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് തയ്യാറാകുമെന്നാണ് പൊതു വിലയിരുത്തല്‍. ലണ്ടന്‍ ആസ്ഥാനമായ ബാങ്ക്, ബാര്‍ക്ലേയ്‌സ് 25 ബേസിസ് പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ചയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നിരക്ക് പ്രഖ്യാപിക്കുക.വൃത്തം പൂര്‍ത്തിയാക്കുന്നതായിരിക്കും ബുധനാഴ്ച പ്രഖ്യാപിക്കുന്ന നിരക്ക്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡായ ആറ് ശതമാനത്തില്‍ ഒതുങ്ങിയിരുന്നു.
ഇതോടെ നിരക്ക് താഴ്ത്താന്‍ കേന്ദ്രബാങ്ക് തയ്യാറാകുമെന്ന തരത്തില്‍ അഭ്യൂഹമുണ്ടായി. എന്നാല്‍ ബാര്‍ക്ലേയ്‌സ് ഇക്കാര്യം നിഷേധിക്കുകയാണ്. 2023 അവസാനം വരെ പണപ്പെരുപ്പം 5-5.5 ശതമാനം ലെവലില്‍ തുടരുമെന്നതിനാലാണ് ഇത്.
അവരുടെ അഭിപ്രായത്തില്‍ എംപിസിയിലെ അംഗങ്ങളായ ജയന്ത് വര്‍മ്മയും അശിമ ഗോയലും നിരക്ക് വര്‍ധനയ്‌ക്കെതിരായി വോട്ട് ചെയ്‌തേക്കും. നിര്‍ണ്ണായക വോട്ട് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റേതായിരിക്കും. ഡിസംബറില്‍ പണപ്പെരുപ്പം വര്‍ഷത്തെ കുറവ് നിരക്കായ 5.72 ശതമാനത്തിലെത്തിയിരുന്നു.
നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്. 2022 ല്‍ 5 തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 7 ലെ 35 ബേസിസ് പോയിന്റാണ് അതില്‍ അവസാനത്തേത്.