ഹഷ് പപ്പീസ്, ഷോൾ തുടങ്ങിയ പ്രശസ്‌തമായ പാദരക്ഷകളുടെ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി തന്ത്രപരമായ പങ്കാളിത്തത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്‌തു.
ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഒരു സഹകരണം ഉണ്ടാക്കുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. രാജ്യത്തുടനീളം 2050ലധികം സ്‌റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്.
കാലത്തിനൊപ്പം മാറാനും, ഉപഭോക്തൃ താത്പര്യങ്ങൾക്ക് മുൻഗണന നൽകാനും ബാറ്റ എപ്പോഴും ശ്രമിക്കാറുണ്ട്. യുവാക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500ലധികം സ്‌റ്റോറുകളിലേക്ക് “സ്‌നീക്കർ” ഷൂ ഓഫറുകൾ വിപുലീകരിക്കുമെന്ന് കമ്പനിയുടെ സമീപകാല വാർഷിക റിപ്പോർട്ടിൽ പറയുന്നു.
അഡിഡാസും ബാറ്റ ഇന്ത്യയും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ തേടിയുള്ള റോയിറ്റേഴ്‌സിന്റെ അഭ്യർത്ഥനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പങ്കാളിത്തത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.