
തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക നിർവഹണ ഏജൻസി (എസ്പിവി) രൂപീകരിക്കാൻ കെഎസ്ഇബി.
സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച്, ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഉപയോഗിക്കുകയാണ് ലക്ഷ്യം.
പലയിടങ്ങളിലായി ആകെ 1500 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് സ്ഥാപിക്കാൻ സോളർ എനർജി കോർപറേഷനുമായി (സെകി) കെഎസ്ഇബി ധാരണയിലെത്തിയിരുന്നു. ഇതിനു പുറമേയാണ് പിപിപി മാതൃകയിൽ ബെസ് സ്ഥാപിക്കാനുള്ള ചർച്ച നടക്കുന്നത്.
2026 മാർച്ച് 31 നു മുൻപ് സ്ഥാപിക്കുന്ന ബെസ് സംവിധാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 40% വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ലഭിക്കും.
അതിനുള്ളിൽ പരമാവധി ബെസ് യൂണിറ്റ്് സ്ഥാപിക്കാനാണ് ആലോചന. മുടക്കുമുതൽ കണ്ടെത്താനുള്ള കെഎസ്ഇബിയുടെ ബാധ്യത കുറയ്ക്കാനാണ് പൊതു–സ്വകാര്യ പങ്കാളിത്തത്തിനു ശ്രമിക്കുന്നത്.