മുംബൈ: ഇഎസ് ഡിസ്കവറി ഇന്ത്യയ്ക്ക് തങ്ങളുടെ എൻവയോൺമെന്റൽ സയൻസ് ബിസിനസ്സ് വിൽക്കാൻ ഒരുങ്ങി ബേയർ ക്രോപ്പ് സയൻസ്. നിർദിഷ്ട വിൽപ്പനയ്ക്ക് കമ്പനിക്ക് ബോർഡിൻറെ അനുമതി ലഭിച്ചു.
കമ്പനിയുടെ എൻവയോൺമെന്റൽ സയൻസ് ബിസിനസ്സ്, വെക്റ്റർ കൺട്രോൾ, പ്രൊഫഷണൽ പെസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ കാർഷികേതര മേഖലകളിലെ കീടങ്ങൾ, രോഗങ്ങൾ, കളകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനത്തിന്റെ 1.4 ശതമാനം ഇതിന്റെ സംഭാവനയാണ്.
പ്രസ്തുത വിൽപ്പനയ്ക്കുള്ള ബിസിനസ് ട്രാൻസ്ഫർ കരാറിന്റെ (ബിടിഎ) അവസാന തീയതി 2022 ഒക്ടോബർ 4-ന് ആണ്. എൻവയോൺമെന്റൽ സയൻസ് ബിസിനസ്സ് വിറ്റഴിക്കപ്പെടുന്നതോടെ, ക്രോപ്പ് സയൻസ് ഡിവിഷന് അതിന്റെ പ്രധാന കാർഷിക ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ വളർച്ചാ തന്ത്രം ത്വരിതപ്പെടുത്താനും കഴിയുമെന്ന് ബേയർ ക്രോപ്പ് അറിയിച്ചു.
കളനാശിനികൾ, വിത്ത് സംസ്കരണം, കാർഷികേതര കീടനിയന്ത്രണം, വിത്തുകൾ, സസ്യ ബയോടെക്നോളജി തുടങ്ങിയ വിള സംരക്ഷണ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് ബേയർ ക്രോപ്പ് സയൻസ്. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.26 ശതമാനം ഉയർന്ന് 4824.05 രൂപയിലെത്തി.