മുംബൈ: ഹൈഡ്രജൻ ഇന്ധന സെല്ലുകൾ നിർമ്മിക്കാൻ ഒരുങ്ങി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഇന്ത്യൻ വിപണിയുടെയും, കയറ്റുമതി വിപണിയുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിളുമായി ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്.
ഗതാഗതത്തിലും ഊർജ സംഭരണത്തിലും ശുദ്ധമായ ഊർജ ഇന്ധനങ്ങൾ സ്വീകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഊന്നൽ പ്രയോജനപ്പെടുത്തി ഇ-മൊബിലിറ്റി ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്കുള്ള ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്കായുള്ള ആവശ്യം വർധിപ്പിക്കാനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
അതേസമയം ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ (ടിഇവി) അടുത്തിടെ അതിന്റെ ആർ&ഡി കേന്ദ്രവും നിർമ്മാണ കേന്ദ്രവും ഇന്ത്യയിൽ സ്ഥാപിച്ചു. ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു എയ്റോസ്പേസ്, ഡിഫൻസ് ഇലക്ട്രോണിക്സ് കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇത് പ്രാഥമികമായി ഗ്രൗണ്ട്, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.