ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികൻ അടുത്ത വർഷം അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിൽ പോകും. അമേരിക്കൻ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലെ ധാരണ പ്രകാരമാണിത്.
പോകുന്നത് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലെ യാത്രികരിലൊരാളാകാൻ സാദ്ധ്യതയുണ്ട്. ബഹിരാകാശത്ത് സ്വന്തം സ്പെയ്സ് സ്റ്റേഷൻ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഈ യാത്ര പ്രചോദനമാവും.
ഇതുകൊണ്ട് ഗഗൻയാന്റെ പ്രാധാന്യം കുറയില്ല. ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കുന്ന സ്വന്തം സാങ്കേതികവിദ്യയാണ് ഇതിലൂടെ നമ്മുടെ ലക്ഷ്യം. നാലുയാത്രികർക്ക് റഷ്യയിൽ പരിശീലനം നൽകിക്കഴിഞ്ഞു. ഇനി അമേരിക്കയിലെ ജോൺസൺ സ്പെയ്സ് സെന്ററിൽ ആറുമാസത്തെ പരിശീലനം നൽകും. ഇതിൽ ഒരു വനിതയെയും ഉൾപ്പെടുത്തും.
ഗഗൻയാൻ യാത്രികരിൽ ഒന്നോ രണ്ടോപേരെ സ്പെയ്സ് എക്സിലോ, ബോയിംഗ് സ്റ്റാർ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പ്രായോഗിക പരിജ്ഞാനം നൽകാനും ധാരണയായിട്ടുണ്ട്. ഇതിനായി ഇന്ത്യ 200കോടി നൽകും.
സംയുക്ത സംരംഭമായ നാസ- ഇസ്രോ സിന്തറ്റിക് അപ്പാർച്ചേർ റഡാർ സാറ്റലൈറ്റ് എന്ന നിസാർ ഉപഗ്രഹം 2024ൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നത് മോദിയുടെ അമേരിക്കൻ സന്ദർശനത്തിലൂടെ ഇന്ത്യയ്ക്കുണ്ടായ വൻനേട്ടമാണ്.
1.2 ബില്യൺ ഡോളറാണ് ചെലവഴിക്കുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ ഈ ഉപഗ്രഹം കാലാവസ്ഥയിലടക്കം ഭൂമിയിലെ നേരിയ മാറ്റങ്ങൾവരെ സദാ നിരീക്ഷിക്കും.
ചന്ദ്രൻ, ബുധൻ, ചൊവ്വ എന്നിവിടങ്ങളിലെ മനുഷ്യഅധിനിവേശത്തിനുള്ള ആർട്ടെമിസ് പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. നിർബന്ധിത വ്യവസ്ഥകളോ സാമ്പത്തിക ബാദ്ധ്യതകളോ ഇല്ലാതെയാണ് ഇന്ത്യ ആർട്ടെമിസ് കരാറിൽ ഒപ്പുവച്ചത്.
ഇന്ത്യയിൽ നിന്നുള്ള സ്വകാര്യസംരംഭകർക്ക് ബഹിരാകാശ ഇന്റർഓപറബിൾ ടെക്നോളജിയിലെ പങ്കാളിത്തം ബഹിരാകാശ മേഖലയിലെ ഇന്ത്യൻ നിലവാരം ഉയർത്താൻ സഹായിക്കും.
1963ൽ അമേരിക്ക നൽകിയ നൈക്ക് അപ്പാച്ചെസൗണ്ടിംഗ് റോക്കറ്റ് തിരുവനന്തപുരത്തെ തുമ്പയിൽ നിന്ന് വിക്ഷേപിച്ചുകൊണ്ടാണ് ബഹിരാകാശത്തെ ഇന്ത്യ-അമേരിക്ക സഹകരണം തുടങ്ങുന്നത്.
1974ലും 1998ലും ഇന്ത്യ ആണവപരീക്ഷണം നടത്തിയതോടെ അമേരിക്ക പിൻമാറി.
റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യയായ ക്രയോജനിക് കൈമാറുന്നത് അമേരിക്ക വിലക്കി. പക്ഷേ, സ്വന്തമായി ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു.
പി.എസ്.എൽ.വി.ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ വിക്ഷേപണ റോക്കറ്റായി കരുത്തുകാട്ടിയതോടെ അമേരിക്ക നിലപാട് മാറ്റി.
2008ൽ ചന്ദ്രയാൻ-1 വിക്ഷേപണം ഇന്ത്യയെ ബഹിരാകാശത്ത് അവഗണിക്കാനാവാത്ത ശക്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യം എത്തിയ രാജ്യമെന്ന നിലയിൽ അവിടെ ഇന്ത്യയ്ക്കാണ് മുൻഗണന.
ബഹിരാകാശത്ത് അത്യാധുനിക സാങ്കേതിക വൈദഗ്ദ്ധ്യമാണ് അമേരിക്കൻ ശക്തിയെങ്കിൽ ചെലവുകുറഞ്ഞ സാങ്കേതിക മേൻമയാണ് ഇന്ത്യൻ കരുത്ത്.