പാലക്കാട്: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ ഭൂമിയുടെ പകുതിയിലേറെയും സർക്കാർ ഏറ്റെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം 80 ശതമാനത്തോളം ഭൂമിയും സർക്കാരിന്റെ കൈവശമായി. 1236 കോടി രൂപയാണ് ഇതുവരെ ഭൂമിയെടുപ്പിനു ചെലവാക്കിയത്. 1300 കോടിയോളം രൂപ കൂടി വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
പദ്ധതിയുടെ നോഡൽ ഏജൻസിയായ കിൻഫ്രയ്ക്ക് വായ്പയായാണു ഭൂമിയെടുക്കാൻ കിഫ്ബി പണം നൽകുന്നത്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്, എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലായി 2060 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഫണ്ടിന്റെ കുറവു വിവിധ ഘട്ടങ്ങളിൽ ഭൂമിയെടുപ്പിനെ ബാധിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകൾ യഥാസമയം ലഭ്യമാകാത്തതും ചിലയിടങ്ങളിൽ വൈകലിനു കാരണമായി.