
ന്യൂഡൽഹി: സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു വേണ്ട എന്തിനും ഏതിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ ‘ഭാരത്’ എന്ന ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനൊരുങ്ങുന്നു.
‘ഭാരത്’ ബ്രാൻഡിന് കീഴിൽ ചന ദാലും മസൂർ ദാലും സബ്‌സിഡി നിരക്കിൽ ഇനി ലഭ്യമാക്കും. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിതരണം ആരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ഇത് രാജ്യവ്യാപകമായി എല്ലായിടത്തും എത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഗോതമ്പ് മാവിന് 30 രൂപ, അരിക്ക് 34 രൂപ ,വെള്ള കടലക്ക് 70 രൂപ, ചന ദാൽ 58 രൂപ, മസൂര്‍ ദാൽ 89 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. ഉള്ളിയുടെ വില കിലോഗ്രാമിന് 35 രൂപയും തക്കാളിക്ക് 65 രൂപയുമാണ് ഈടാക്കുന്നത്.
പയറുവർഗങ്ങളുടെ താങ്ങുവില സർക്കാർ ഗണ്യമായി വർധിപ്പിച്ചതിനാൽ ഈ വർഷം മികച്ച പൾസ് ഉൽപ്പാദനം പ്രതീക്ഷിക്കുന്നു.’ഭാരത്’ ബ്രാൻഡ് ഉൽപ്പന്നങ്ങൾ റിലയൻസ് കടകളിലൂടെ വില്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
റിലയൻസ് കടകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉള്ളതിനാൽ ഇതുവഴി എല്ലാവരിലേക്കും വേഗത്തിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.