
മുംബൈ: മികച്ച സെപ്തംബര്‍ പാദ ഫലത്തിന്റെ മികവില്‍ ഭാരത് ഇലക്ട്രോണിക്‌സ് (ഭെല്‍) ഓഹരി വ്യാഴാഴ്ച നേട്ടമുണ്ടാക്കി. 2.7 ശതമാനം ഉയര്‍ന്ന് 107.85 രൂപയില്‍ സ്റ്റോക്ക് ക്ലോസ് ചെയ്യുകയായിരുന്നു. നികുതി കഴിച്ചുള്ള ലാഭം കമ്പനി 611.05 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 0.25 ശതമാനം കുറവ്. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളാണ് ലാഭം താഴ്ത്തിയത്. അതേസമയം വരുമാനം 7.8 ശതമാനം വര്‍ധിപ്പിച്ച് 3,946 കോടി രൂപയാക്കാന്‍ സാധിച്ചു.
2022 ഒക്ടോബര്‍ 1 വരെ കമ്പനിയ്ക്ക് 52,795 കോടിയുടെ ഓര്‍ഡറാണ് ലഭ്യമായിരിക്കുന്നത്. പ്രഭുദാസ് ലിലാദര്‍ 125 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ റിലയന്‍സ് സെക്യൂരിറ്റീസും വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നു.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ തരക്കേടില്ലാത്ത പ്രകടനം നടത്താന്‍ ഭെല്ലിനായെന്ന് റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് അറഫാത്ത് സെയ്ദ് പറഞ്ഞു. മികച്ച ഓര്‍ഡര്‍ ബുക്ക് വരുമാനം ഉറപ്പുവരുത്തുന്നതാണ്. പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭെല്‍. ലാര്‍ജ് ക്യാപ്പ് കമ്പനിയായ ഭെല്‍ ജൂണിലവസാനിച്ച പാദത്തില്‍ 3222.82 കോടി രൂപ വരുമാനം നേടിയിരുന്നു. തൊട്ടുമുന്‍പാദത്തേക്കാള്‍ 49.67 ശതമാനം കുറവാണ് ഇത്.
356.13 കോടി രൂപയാണ് ലാഭം. പ്രവര്‍ത്തനമാര്‍ജിന്‍ വീണ്ടെടുക്കാന്‍ തുടങ്ങിയത് കമ്പനിയ്ക്ക് ഗുണം ചെയ്യും. ഇബിഐടിഡിഎ മാര്‍ജിന്‍ കുറയുന്നതിലേക്ക് നയിക്കുന്ന ഫിക്സഡ് കോസ്റ്റുകളിലെ വര്‍ദ്ധനയും കമ്പനി നികത്തി.
റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഭെല്‍ ഒരു നവരത്‌ന കമ്പനിയാണ്.