
മുംബൈ: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം ആർട്ടിലറി തോക്കുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ നേടിയതായി ഭാരത് ഫോർജ് പ്രഖ്യാപിച്ചു. ഈ ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 1.02 ശതമാനം ഉയർന്ന് 884.55 രൂപയിലെത്തി.
കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിനാണ് 155 എംഎം ആർട്ടിലറി തോക്കുകളുടെ കയറ്റുമതി ഓർഡർ ലഭിച്ചത്. ഓർഡർ പ്രകാരം 3 വർഷത്തിനുള്ളിൽ ആർട്ടിലറി തോക്കുകൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 155.50 മില്യൺ ഡോളറാണ് ഓർഡറിന്റെ ആകെ മൂല്യം.
വാഹനങ്ങൾ, ഓയിൽ & ഗ്യാസ്, എയ്‌റോസ്‌പേസ്, ലോക്കോമോട്ടീവുകൾ, മറൈൻ, എനർജി, നിർമ്മാണം, ഖനനം, പൊതുമേഖല എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകൾക്കായി ഭാരത് ഫോർജ് നിർണായകവും സുരക്ഷിതവുമായ ഘടകങ്ങളുടെ വിപുലമായ ശ്രേണി നിർമ്മിക്കുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകികൃത അറ്റാദായം 46% വർധിച്ച് 243.6 കോടി രൂപയായി.