മുംബൈ: സിംഗ്ടെലിൽ നിന്ന് എയർടെലിന്റെ 3.33 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ നീക്കം നടത്തി ഭാരതി ടെലികോം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെലിന്റെ പ്രൊമോട്ടറാണ് ഭാരതി ടെലികോം. ഏകദേശം 12,895 കോടി രൂപയാണ് (2.25 ബില്യൺ സിംഗപ്പൂർ ഡോളർ) നിർദിഷ്ട ഇടപാടിനായി കണക്കാക്കപ്പെടുന്ന മൂല്യം. ഇടപാട് 90 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ഭാരതി ഗ്രൂപ്പ് ചെയർമാനായ സുനിൽ ഭാരതി മിത്തലിന്റെ കുടുംബത്തിന്റെയും സിങ്ടെലിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഭാരതി ടെലികോം (ബിടിഎൽ). സിങ്ടെലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് മൊത്തം 3.33 ശതമാനം ഓഹരികൾ ബിടിഎല്ലിന് 2.25 ബില്യൺ സിംഗപ്പൂർ ഡോളറിന് കൈമാറാൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഭാരതി എയർടെൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഭാരതി ടെലികോമിൽ യഥാക്രമം 50.56 ശതമാനം 49.44 ശതമാനം എന്നിങ്ങനെ ഓഹരിയുള്ള രണ്ട് ഓഹരി ഉടമകളാണ് മിത്തൽ കുടുംബവും സിംഗ്ടെലും. കൂടാതെ ഭാരതി എന്റർപ്രൈസസിനും സിംഗ്ടെലിനും 20 വർഷത്തെ പങ്കാളിത്തമുണ്ട്. അതേസമയം കമ്പനിയുടെ ഓഹരികൾ 0.80 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 744.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.