മുംബൈ: എൻസിഡികൾ വഴി ധന സമാഹരണം നടത്താൻ പദ്ധതിയിട്ട് ഭാരതി എയർടെല്ലിന്റെ പ്രധാന പ്രൊമോട്ടർ കമ്പനിയായ ഭാരതി ടെലികോം (ബിടിഎൽ). സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷൻസ് (സിംഗ്ടെൽ) വിൽക്കുന്ന എയർട്ടലിന്റെ 3.33 ശതമാനം ഓഹരിയുടെ ബാക്കി ഭാഗം വാങ്ങാൻ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 6,000 കോടിയുടെ കടം സമാഹരിക്കാനാണ് ബിടിഎൽ പദ്ധതിയിടുന്നത്.
നിർദ്ദിഷ്ട രൂപ-ലിങ്ക്ഡ് എൻസിഡികൾ പ്രാഥമികമായി മുൻനിര വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) സബ്‌സ്‌ക്രൈബ് ചെയ്യാൻ സാധ്യതയുണ്ടെന്നും. കൂടാതെ ചില പ്രാദേശിക സ്ഥാപന നിക്ഷേപകർ ഇതിൽ പങ്കെടുതേക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച സിംഗ്‌ടെൽ എയർടെല്ലിലെ 1.76 ശതമാനം ഓഹരികൾ 7,100 കോടി രൂപയ്ക്ക് വിറ്റിരുന്നു. ആ ഓഹരിയുടെ ഏകദേശം 1.62 ശതമാനം 6,604 കോടി രൂപയ്ക്ക് ബിടിഎൽ സ്വന്തമാക്കിയിരുന്നു. ബാക്കി 0.14% എയർടെല്ലിലെ പൊതു ഓഹരി ഉടമകൾ ഏറ്റെടുത്തു. സിംഗ്‌ടെലിൽ നിന്ന് ബാക്കിയുള്ള 1.57 ശതമാനം ഓഹരികൾ വാങ്ങുന്നതിനായി ബിടിഎൽ ഇപ്പോൾ പുതിയ കടം സമാഹരിക്കാൻ ഒരുങ്ങുകയാണ്.
ബിഎൻപി പാരിബാസ്, എച്ച്എസ്ബിസി, ജപ്പാനിലെ എംയുഎഫ്ജി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ രൂപയുമായി ബന്ധിപ്പിച്ച എൻസിഡികൾ വഴി പണം സ്വരൂപിക്കാൻ ബിടിഎല്ലിനെ സഹായിക്കാൻ സാധ്യതയുണ്ട്. എൻസിഡികൾ ഒരു വർഷം മുതൽ മൂന്നു വർഷം വരെ കാലാവധിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം സിംഗ്‌ടെൽ എയർടെല്ലിലെ 3.33% ഓഹരി ബിടിഎല്ലിന് 1.61 ബില്യൺ ഡോളറിന് (ഏകദേശം ₹ 12,900 കോടി) വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.