
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കിട്ടാക്കടം 50,000 കോടി കവിയുന്നു. വായ്പ നൽകിയ 17,148.7 കോടി രൂപ 15 കൊല്ലത്തിലേറെയായി കുടിശികയായതിന്റെ പലിശയും പിഴപ്പലിശയും കൂടി ചേർന്നാണിത്.
വായ്പ നൽകിയതിൽ 1,40,005.72 കോടി രൂപയും അതിന്റെ പലിശയും കേസിൽ വിധിയായി ജപ്തി മുടങ്ങിക്കിടക്കുന്നതാണ്.
മൂന്ന് ലക്ഷം പേരാണ് തുക അടയ്ക്കാനുള്ളത്. കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങളിലെ മൊത്തം വായ്പയുടെ15 ശതമാനത്തിലേറെയും കിട്ടാക്കടമാണ്. പൊതുമേഖലാ ബാങ്കുകളിലേത് 5 ശതമാനത്തിൽ താഴെ മാത്രവും.
സഹകരണമേഖലയിലേത് 7% എങ്കിലുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാതലത്തിൽ കണക്കുകൾ ശേഖരിച്ചത്. കിട്ടാക്കടത്തിൽ 3142.98 കോടി രൂപയും പലിശയും ആർബിട്രേഷൻ കേസ് നടത്തിപ്പിലെ കാലതാമസത്തിൽ കുടുങ്ങിക്കിടക്കുന്നതാണ്. 57,255 പേരിൽ നിന്നാണ് ഈ തുക കിട്ടാനുള്ളത്.
ജപ്തി വസ്തുക്കൾ ലേലം ചെയ്തും സമവായത്തിലൂടെ പണം തിരികെയടപ്പിച്ചും 6000 കോടി രൂപ ഉടൻ ലഭിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. കിട്ടാക്കടം ഏറെയും സാമ്പത്തിക ശേഷിയുള്ളവരുടേതാണ്.
രാഷ്ട്രീയ സ്വാധീനം മൂലം ബാങ്ക് ഭരണസമിതികൾ ജപ്തിയിൽ മനഃപൂർവം കാലതാമസം വരുത്തിയതും സെയിൽ ഓഫിസർമാരും കക്ഷികളും ഒത്തുകളിച്ച് നടപടികൾ വൈകിപ്പിച്ചതുമൊക്കെ കിട്ടാക്കടം പെരുകാൻ കാരണമായി.
വായ്പ കുടിശികയ്ക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പലിശയിളവ് ലഭിക്കുന്നവർക്ക് പിന്നീട് രണ്ടുവർഷം കഴിഞ്ഞേ ഇനി വായ്പ ലഭിക്കൂ.
തിരിച്ചടവ് പതിവായി മുടക്കി ആനുകൂല്യം പറ്റിയ ശേഷം അതേ ബാങ്കിൽ ഭരണസമിതിയെ സ്വാധീനിച്ച് വീണ്ടും വായ്പ സംഘടിപ്പിക്കുന്ന പതിവുകാരുള്ളതിനാലാണ് ഇൗ തീരുമാനം.