![](https://www.livenewage.com/wp-content/uploads/2025/02/Vizhinjam-International-Port-1.webp)
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും അനുബന്ധ വികസനത്തിനുമായി വമ്പൻ പദ്ധതികളാണ് സംസ്ഥാന ബജറ്റ് മുന്നോട്ട് വെക്കുന്നത്. കോർപ്പറേറ്റ് നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ബൃഹദ് പദ്ധതി.
വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ അംഗീകരിച്ച 750 കോടിയുടെ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി.
വിഴിഞ്ഞം നമ്മുടെ രക്ഷ എന്ന നിലക്കാണ് വലിയ പ്രഖ്യാപനങ്ങൾ. സിംഗപ്പൂര്‍ ദുബൈ മാതൃകയിൽ കയറ്റുമതി ഇറക്കുമതി തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിനുമുണ്ട് വലിയ പങ്ക്.
വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ വികസന വളര്‍ച്ചാ ത്രികോണ പദ്ധതി നടപ്പാക്കും. വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡിന് അഞ്ച് കിലോമീറ്റര്‍ ചുറ്റവളവ് കേന്ദ്രീകരിച്ച് ഔട്ടര്‍ ഏരിയ ഗ്രോത്ത് കൊറിഡോര്‍ പദ്ധതിക്ക് പരിഗണന ഉണ്ട്.
എട്ട് പ്രത്യേക സാമ്പത്തിക മേഖലയടക്കം വൻകിട വികസന പദ്ധതിക്കും അംഗീകാരമായി. തെക്കൻ കേരളത്തിൽ കപ്പൽ നിര്‍മ്മാണ ശാല സ്ഥാപിക്കാൻ തയ്യാറാണെന്നും ഇതിന് കേന്ദ്ര സഹകരണം തേടുമെന്നും ധനമന്ത്രി പറഞ്ഞു.
കോവളം ബേക്കൽ ഉൾനാടൻ ജലഗതാഗത ഇടനാഴിയുടെ വികസനത്തിന് 500 കോടിയാണ് ബജറ്റിലെ പ്രഖ്യാപനം. തീരദേശ പാത പൂര്‍ത്തീകരണത്തിന് സ്വകാര്യ നിക്ഷേപം. തീരദേശ വികസനത്തിന് 75 കോടി.
വയനാട് ദുരന്തത്തിൽ 1202 കോടിയുടെ നഷ്ടമുണ്ടായെന്ന് പറഞ്ഞ ധനമന്ത്രി ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ലെന്നും കുറ്റപ്പെടുത്തി. ആദ്യ ഘട്ട പുനരധിവാസത്തിന് സര്‍ക്കാര്‍ അംഗീകരിച്ച 750 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയും കേന്ദ്ര ഗ്രാന്‍റ്, പൊതു സ്വകാര്യ മേഖലയില്‍ നിന്നുള്ള ഫണ്ടുകള്‍, സിഎസ്ആര്‍ ഫണ്ട്, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ കൂടി ഈ പദ്ധതിക്കായി വിനിയോഗിക്കാമെന്നും അധികം ആവശ്യമായി വരുന്ന ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.