ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ പവന് 2,200 രൂപയും ഗ്രാമിന് 275 രൂപയും ഒറ്റദിവസം കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 210 രൂപ കുറഞ്ഞ് 5,395 രൂപയായി. കനംകുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് പ്രധാനമായും 18 കാരറ്റ് സ്വർണം.

വെള്ളി വിലയും ഇടിയുകയാണ്. വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 92 രൂപ. ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ (ബേസിക് കസ്റ്റംസ് ഡ്യൂട്ടി) 6 ശതമാനമായി കുറച്ചിരുന്നു. ബജറ്റിന് മുമ്പ് 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ്, മൂന്ന് ശതമാനം ജിഎസ്‍ടി എന്നിവ ചേർത്ത് 18 ശതമാനം നികുതിയാണ് സ്വർണത്തിനുണ്ടായിരുന്നത്.

നികുതിയും ഹോൾമാർക്ക് ഫീസും മിനിമം 5 ശതമാനം പണിക്കൂലിയും കണക്കാക്കിയാൽ, കേരളത്തിൽ ഇന്ന് 56,250 രൂപ കൊടുത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാം.

ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര വില വീണ്ടും ഉയരുകയാണ്. കഴിഞ്ഞദിവസം ഔൺസിന് 2,396 ഡോളർ വരെ താഴ്ന്ന വില ഇന്നുള്ളത് 2,416 ഡോളറിൽ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് രാജ്യാന്തര വിലയിൽ സ്വാധീനം ചെലുത്തുന്നത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടുതവണയായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ജൂൺപാദ ജിഡിപി വളർച്ചാക്കണക്ക് നാളെ അറിയാം. വെള്ളിയാഴ്ച കഴിഞ്ഞമാസത്തെ ഉപഭോക്തൃച്ചെലവ് കണക്കുകളും പുറത്തുവരും.

രണ്ട് കണക്കുകളും പണപ്പെരുപ്പത്തിന്‍റെ ദിശയെ സ്വാധീനിക്കുന്നവയാണ്. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശഭാരം സെപ്റ്റംബറോടെ കുറയ്ക്കാനുള്ള തത്വത്തിലുള്ള നിലപാടിലേക്ക് ഫെഡറൽ റിസർവ് എത്തിയിട്ടുള്ളത്. കണക്കുകൾ നിരാശപ്പെടുത്തിയാൽ, പലിശഭാരം കുറയാനുള്ള കാത്തിരിപ്പ് വീണ്ടും നീളും.

പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാണ്. അതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നതും. പലിശ കുറഞ്ഞാൽ അമേരിക്കൻ സർക്കാരിന്‍റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) കുറയും.

ഇത് അവയിൽ നിന്ന് നിക്ഷേപം പിൻവലിക്കപ്പെടാനും സ്വർണത്തിലേക്കും ഡോളറിലേക്കും മറ്റും ഒഴുക്കാനും ഇടവരുത്തും. ഇത് വില വർധനയ്ക്ക് ആക്കംകൂട്ടും.

X
Top